മുസ്‌ലീങ്ങളെ ഇങ്ങനെ കൂട്ടത്തോടെ രാജ്യസ്‌നേഹമില്ലാത്തവരെന്ന് സംശയിക്കുകയും അവര്‍ക്ക് സ്വന്തം രാജ്യസ്‌നേഹം തെളിയിക്കപ്പെടേണ്ടിയും വരുന്ന അവസ്ഥ തന്റെ ഓര്‍മ്മയിലില്ലെന്ന് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ‘ബിയിങ്മുസ്‌ലിം നൗ’ എന്ന ലേഖന പരമ്പരയിലാണ് ഷാ തന്റെ ആശങ്കകളും നിലപാടുകളും പങ്കുവെയ്ക്കുന്നത്.

‘തങ്ങളുടെ രാജ്യസ്‌നേഹം സംശയിക്കപ്പെടുന്നതില്‍ ഇന്ത്യക്കാരായതില്‍ അഭിമാനം കൊള്ളുന്ന, ഈ രാജ്യവുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള ഭൂരിപക്ഷം ആളുകളെയും മുറിപ്പെടുത്തുന്നുണ്ട്. അവരതില്‍ ക്ഷുഭിതരാണ്. ഞങ്ങളെ അന്യരായി മുദ്രകുത്തുന്ന ഈ രാഷ്ട്രീയ തന്ത്രം, അതിന്റെ ലക്ഷ്യം കൈവരിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുമെന്ന് അറിയാം. എന്നാല്‍ അതിനിടെ സംഭവിക്കുന്ന കാര്യമാണ് വിഷയം.’ അദ്ദേഹം കുറിക്കുന്നു.


Must Read: വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി


പത്ത് വര്‍ഷം മുന്‍പ് വരെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ചറിയാന്‍ കഴിയാതിരുന്ന രാജ്യത്ത് ഒരു ഭാഗത്ത് കാവി തലക്കെട്ടുകളും കുങ്കുമ കുറികളും മറുഭാഗത്ത് താടിയും ഹിജാബും തൊപ്പികളും ധരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ ഇരകളാണ്, അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ ധാരണ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ഷാ അഭിപ്രായപ്പെടുന്നു. ഇരകളാണെന്ന ധാരണ ഒഴിവാക്കി മുസ്‌ലീങ്ങള്‍ ഇന്ത്യയിലുള്ള തങ്ങളുടെ അവകാശം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘തങ്ങള്‍ ഇരകളാണെന്ന ചിന്തയില്‍ നിന്ന് ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ മോചിതരാവേണ്ടത് അത്യാവശ്യമാണ്. അത് ചെന്നുവീഴാന്‍ എളുപ്പമുള്ളൊരു കെണിയാണ്. നമ്മള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന ചിന്ത ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവണം. മറ്റേതോ ലോകത്ത് മോക്ഷം കിട്ടുമായിരിക്കും എന്നു ചിന്തിക്കുന്നതിനു പകരം കാര്യങ്ങളെ സ്വന്തം കൈപ്പിടിയിലൊതുക്കുകയും രാജ്യത്ത് നമുക്കുള്ള അവകാശം ഉറപ്പിക്കുകയും ചെയ്യണം.’ അദ്ദേഹം കുറിക്കുന്നു.

ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നതിന് കുറ്റംപറയേണ്ടത് തങ്ങളെ തന്നെയാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


Also Read: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം


എല്ലായിടത്തും മതമൗലികവാദികള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് ഇസ്‌ലാം കൂടുതല്‍ പരിഷ്‌കരിക്കേണ്ടതിന്റെയും വിജ്ഞാനപ്രദമായ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതിന്റെയും ആവശ്യകതയുണ്ട്. മതസംരക്ഷകരെന്ന് അവകാശപ്പെടുന്നവരെ മുസ്‌ലീങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് വിശുദ്ധ പുസ്തകത്തിന്റെ സഹായത്തോടെ സ്വന്തം വിശ്വാസങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.