കോഴിക്കോട്: കേരളത്തിലെ വിവിധ തീവ്രവാദക്കേസുകളിലെ ഒന്നാം പ്രതിയായ തടിയന്റവിടെ നസീറിനെ കോഴിക്കോട് മര്‍കസ് പള്ളിയില്‍ തെളിവെടുപ്പിന് കൊണ്ട് വന്നു. കോഴിക്കോട് ബോംബ് സ്‌ഫോടനത്തിന് മുമ്പ് മര്‍കസ് പള്ളിയില്‍ വന്നിരുന്നെന്ന് നസീര്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലും മൊഫ്യൂസല്‍ ബസ്റ്റാന്റിലും നസീറിനെ തെളിവെടുപ്പിന് കൊണ്ട് വന്നു.

മര്‍കസ് പള്ളിയില്‍ ഹൗളിന് അടുത്താണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ അഞ്ച് മിനിറ്റ് നേരം തെളിവെടുപ്പ് നടന്നു. ഹൗളിന് അടുത്ത് സംഘാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്‌ഫോടനം നടത്താനായി പുറപ്പെട്ടതെന്ന് നസീര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു. മര്‍കസ് പള്ളിയില്‍ തെളിവെടുത്ത ശേഷം നസീറിനെ കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലേക്ക് കൊണ്ട് പോയി. ഇതിന് ശേഷം കോഴിക്കോട് മൊഫ്യസല്‍ ബസ്റ്റാന്റിലേക്ക് കൊണ്ട് പോയ നസീറിനെ അവിടെ വെച്ച് രണ്ട് സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ തെളിവെടുപ്പിനായി മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ട് പോയിരിക്കയാണ്.