കോഴിക്കോട്:  മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും നഗരത്തിലെ പ്രമുഖ വ്യവസായിയുമായ പി.പി. നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി.

മുഖ്യപ്രതി ഹിഷാമിന്റെ സഹോദരനും നസീറിന്റെ യാത്രയെക്കുറിച്ച് വിവരം നല്‍കിയയാളുമാണ് പിടിയിലായത്. അറസ്റ്റ് ഇന്ന് വൈകീട്ട് രേഖപ്പെടുത്തും.

Ads By Google

അക്രമി സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മുഖ്യപ്രതി പൊങ്ങല്ലൂര്‍ സ്വദേശിയും എരഞ്ഞിപ്പാലം സരോവരത്തിന് സമീപം അര്‍ബന്‍ യൂസ്ഡ് കാര്‍ ഷോപ്പ് ഉടമയുമായ വി.പി. ഹിഷാമിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.

കേസില്‍ ആറു പേര്‍ പൊലീസ് പിടിയിലായിരുന്നു. പുള്ളിപ്പാടം കറുകമണ്ണ സ്വദേശികളായ പള്ളിപ്പറമ്പില്‍ ഷിഹാബ്, കുന്നുംപുറത്ത് സുമേഷ്, നടുവക്കാട്ടെ കാക്കപ്പാറ ഷബീര്‍, മമ്പാട് കിഴക്കേതില്‍ ഷരീഫ് എന്നിവരാണ് നിലമ്പൂര്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയവര്‍.

ഹിഷാമിന്റെ അടുത്ത ബന്ധുവായ സ്ത്രീയെ കാണാന്‍ രാത്രി നസീര്‍ എത്തുന്നുവെന്നറിഞ്ഞ് കാത്തിരുന്നാണ് സംഘം ആക്രമിച്ചത്. കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും വാഹനത്തില്‍ കയറ്റിയ ശേഷം വായില്‍ തുണി തിരുകി തുടരെ മര്‍ദിച്ചപ്പോള്‍ മരണം സംഭവിക്കുകയായിരുന്നെന്നുമാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോടു പറഞ്ഞത്.