കേപ് ഹാനവല്‍: വൈദ്യുതി തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാസയുടെ പര്യവേഷണ വാഹനമായ ഡിസ്‌കവറിയുടെ വിക്ഷേപണം വീണ്ടും നീട്ടിവച്ചു. നേരത്തേ സാങ്കേതികമായ തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു.

തകരാര്‍ പരിഹരിക്കാനായി ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വാഹനത്തിന്റെ എഞ്ചിനുകളിലാണ് വൈദ്യുതി തകരാര്‍ കണ്ടെത്തിയത്. അതിനിടെ തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ ഡിസംബറില്‍ മാത്രമേ വിക്ഷേപണം നടക്കാനിടയുള്ളൂ എന്നും സൂചനയുണ്ട്.

നവംബര്‍ ഒന്നിനായിരുന്നു വിക്ഷേപണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. നാസയുടെ ബഹിരാകാശ പരീക്ഷണനിരീക്ഷണ പഠനങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിച്ച പര്യവേഷണ വാഹനം ഡിസ്‌കവറി അവസാന കുതിപ്പിനാണ് തയ്യാറെടുക്കുന്നത്.

ആദ്യമായി ഒരു ‘ഹ്യമനോയ്ഡ് റോബോട്ടി’നെയും (റോബോ2) ഡിസ്‌കവറി അതിന്റെ അവസാനയാത്രയില്‍ ബഹിരാകാശത്തെത്തിക്കും. ഡിസ്‌കവറി യാത്ര അവസാനിപ്പിക്കുമെങ്കിലും പുതിയ പര്യവേഷണ വാഹനങ്ങള്‍ തയ്യാറാക്കി ബഹിരാകാശ പരീക്ഷണങ്ങള്‍ തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.