വാഷിംഗ്ടണ്‍: പോയ വര്‍ഷം അമേരിക്കയുടെ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസ നേരിട്ടത് ഹാക്കര്‍മാരുടെ കനത്ത ആക്രമണം. 2009-2011 കാലഘട്ടത്തില്‍ മാത്രം നാസയുടെ വെബ്‌സൈറ്റ് 47 തവണ ഹാക്ക് ചെയ്യപ്പെട്ടു. നാസയില്‍ നിന്നും ലാപ്‌ടോപ്പുകളും 48 മൊബൈല്‍ ഫോണുകളും മോഷണം പോയി.

നാസ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പോള്‍ മാര്‍ട്ടിന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചതാണ് ഇക്കാര്യം. വെബ്‌സൈറ്റിന് നേരെ നടന്ന 47 ഹാക്കിംഗ് ശ്രമങ്ങളില്‍ 13 തവണമാത്രമാണ് ഹാക്കര്‍മാര്‍ വിജയം കണ്ടത്. ഹാക്ക് ചെയ്യപ്പെടുമ്പോള്‍ മിക്കപ്പോഴും സെന്‍സിറ്റീവ് ആയ ഫയലുകള്‍ കോപ്പി ചെയ്തുകൊണ്ടും ഡിലീറ്റ് ചെയ്തുകൊണ്ടും പ്രധാനപ്പെട്ട കംപ്യൂട്ടറുകളുടെ നിയന്ത്രണം മുഴുവനായി ഹാക്കര്‍മാര്‍ ഏറ്റെടുക്കാറുണ്ടത്രെ.

നാസയുടെ നഷ്ടപ്പെട്ട കമ്പ്യൂട്ടറുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്ന് ന്യൂസ് ഏജന്‍സികള്‍ പറയുന്നു. സ്‌പേസ് സ്‌റ്റേഷനില്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകളുടെ വരെ സോഴ്‌സ് കോഡുകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി ആരോപണമുണ്ട്.

5408 സുരക്ഷാ പാളിച്ചകളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൈബര്‍ ആക്രമണങ്ങള്‍ മൂലം നാസക്ക് 35 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

Malayalam news

Kerala news in English