ന്യൂയോര്‍ക്ക്: നാസയുടെ ബഹിരാകാശ പരീക്ഷണ-നിരീക്ഷണ പഠനങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിച്ച പര്യവേഷണ വാഹനം ഡിസ്‌കവറി അവസാന കുതിപ്പിന് തയ്യാറെടുക്കുന്നു. ഇന്ധന ചോര്‍ച്ച അടച്ചതിനെത്തുടര്‍ന്ന് നവംബര്‍ ഒന്നിന് ഫ്‌ളോറിഡയിലെ കേപ് കാനവറില്‍ നിന്നും വിക്ഷേപണം നടത്താന്‍ നാസ ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞു.

Subscribe Us:

ഡിസ്‌കവറിയുടെ അവസാന ബഹിരാകാശ യാത്രയായിരിക്കും ഇത്. എന്ത് ലക്ഷ്യത്തിനായാണോ ഡിസ്‌കവറി രൂപീകരിച്ചത് അത് പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് നാസ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

ആദ്യമായി ഒരു ‘ഹ്യമനോയ്ഡ് റോബോട്ടി’നെയും (റോബോ-2) ഡിസ്‌കവറി അതിന്റെ അവസാനയാത്രയില്‍ ബഹിരാകാശത്തെത്തിക്കും. ഡിസ്‌കവറി യാത്ര അവസാനിപ്പിക്കുമെങ്കിലും പുതിയ പര്യവേഷണ വാഹനങ്ങള്‍ തയ്യാറാക്കി ബഹിരാകാശ പരീക്ഷണങ്ങള്‍ തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

1984ല്‍ ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ച ഡിസ്‌കവറി ഇതുവരെ 322 ദിവസങ്ങള്‍ അവിടെ ചിലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്തെക്കുറിച്ച് പഠിക്കാനായി നിര്‍മ്മിച്ച ഹബിള്‍ ടെലസ്‌കോപ്പിനെ അവിടെയെത്തിച്ചതും ഡിസ്‌കവറിയായിരുന്നു. 26 വര്‍ഷത്തിനിടെ 38 തവണ ഡിസ്‌കവറി ബഹിരാകാശത്തേക്ക് കുതിച്ചു. ബഹിരാരാശദൗത്യം പൂര്‍ത്തിയാക്കിയശേഷം ഡിസ്‌കവറിയെ സ്മിത്ത്‌സോനിയന്‍ ദേശീയ വ്യോമ ബഹിരാകാശ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് നാസയുടെ പദ്ധതി.

ആത്ഭുതമായി റോബോ-2


ഡിസ്‌കവറി അതിന്റെ അവസാനയാത്ര നടത്തുമ്പോള്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറയുന്നത് ‘ഹ്യൂമനോയ്ഡ് റോബോനട്ട് റോബോ-2’ ആണ്. അന്താരാഷാട്ര ബഹിരാകാശ നിലയത്തിലേക്കുള്ള കന്നിയാത്രക്കാണ് റോബോ-2 തയ്യാറെടുക്കുന്നത്.

ജി-എം , നാസ എഞ്ചിനീയര്‍മാരുടെ കൂട്ടായ ശ്രമമാണ് റോബോ-2 ന്റെ പിറവിയിലേക്ക് നയിച്ചത്. 2007 ലായിരുന്നു റോബോ-2 ന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അപകടംപിടിച്ച ജോലികളെല്ലാം ഇവന്‍ ചെയ്തുകൊള്ളും.