ലണ്ടന്‍: ഭൂമിയുടെ നിലിനല്‍പ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ക്ഷുദ്രഗ്രഹങ്ങളുടെ ആക്രമണം തടയാന്‍ ‘നാഷണ്‍ല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍’ നാസ തയ്യാറെടുക്കുന്നു.140 മീറ്ററിലധികം വ്യാസമുള്ള അതിശക്തിയില്‍ പാഞ്ഞടുക്കുന്ന ക്ഷുദ്രഗ്രഹങ്ങളെ ഭൂമിയില്‍ പതിക്കാതെ തകര്‍ക്കുന്ന പദ്ധതിക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കിലോമീറ്ററിലധികം വ്യാസമുള്ള 1050 ക്ഷുദ്രഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും 50 മില്യണ്‍ കിലോമീറ്റര്‍ അകലത്തില്‍ കറങ്ങിനടക്കുന്നുണ്ടെന്ന് നാസ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് പഠിക്കാനും ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് ഭീഷണിയാകുമ്പോള്‍ തകര്‍ക്കാനുമുള്ള നീക്കങ്ങളാണ് നാസയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ഭൂമിയെക്കുറിച്ചും ഇത്തരം ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ചും പഠിക്കാനായി 2011 ലെ അമേരിക്കന്‍ ബജറ്റില്‍ വന്‍തുക വകയിരുത്തണമെന്ന് നാസ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ അനുവദിച്ചിട്ടുള്ള 5.8 മില്യണില്‍ നിന്നും 20 മില്യണാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.