വാഷിംഗ്ടണ്‍: നേരത്തേ നിശ്ചയിച്ചപോലെതന്നെ സ്‌പേസ് ഷട്ടില്‍ എന്‍ഡ്യുവര്‍ മേയ് 16ന് വിക്ഷേപിക്കുമെന്ന് അമേരിക്കന്‍ ശാസ്ത്രസംഘടനയായ നാസ വ്യക്തമാക്കി. ഷട്ടിലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരുന്നതായും നാസ അറിയിച്ചു.

ഇന്ധനടാങ്കിലുണ്ടായ സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷട്ടിലിന്റെ വിക്ഷേപണം വൈകിയിരുന്നു. നേരത്തേ ഏപ്രില്‍ 29ന് ഷട്ടില്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. 16ന് വിക്ഷേപിക്കാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് പ്രോഗ്രാം മാനേജര്‍ മൈക്ക് മോസസ് പറഞ്ഞു.

നേരത്തേ ഒടുവിലെ ദൗത്യവും പൂര്‍ത്തിയാക്കി നാസയുടെ ഡിസ്‌കവറി മാര്‍ച്ച് 9ന് തിരിച്ചെത്തിയിരുന്നു. വിവിധ കാരണങ്ങളാല്‍ മാറ്റിവെച്ച ഡിസ്‌കവറിയുടെ വിക്ഷേപണം 24നായിരുന്നു നടന്നത്. ആദ്യമായി ഒരു ‘ഹ്യുമനോയ്ഡ് റോബോട്ടി’നെയും (റോബോ2) ഡിസ്‌കവറി അതിന്റെ അവസാനയാത്രയില്‍ കൂടെക്കൂട്ടിയിരുന്നു.