ന്യൂയോര്‍ക്ക്: നാസയുടെ ചരിത്രത്തില്‍ അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് അമേരിക്കന്‍ ശൂന്യാകാശ വാഹനം ഡിസ്‌കവറി അവസാനമായി കുതിച്ചുയര്‍ന്നു. കെന്നഡി സ്‌പേസ് സെന്ററില്‍വെച്ചാണ് ഡിസ്‌കവറി ബഹിരാകാശത്തേക്ക് കുതിച്ചത്.

വിവിധ കാരണങ്ങളാല്‍ ഡിസ്‌കവറിയുടെ വിക്ഷേപണം മാറ്റിവെച്ചിരുന്നു. വാഹനത്തിന്റെ ഇന്ധന ടാങ്കിലുണ്ടായ ചോര്‍ച്ച അടയ്ക്കുന്ന ജോലി രണ്ടുദിവസം മുമ്പ് അവസാനിച്ചിരുന്നു.നവംബര്‍ ഒന്നിനായിരുന്നു വിക്ഷേപണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്.

ആദ്യമായി ഒരു ‘ഹ്യമനോയ്ഡ് റോബോട്ടി’നെയും (റോബോ2) ഡിസ്‌കവറി അതിന്റെ അവസാനയാത്രയില്‍ കൂടെക്കൂട്ടിയിട്ടുണ്ട്. ഡിസ്‌കവറി യാത്ര അവസാനിപ്പിക്കുമെങ്കിലും പുതിയ പര്യവേഷണ വാഹനങ്ങള്‍ തയ്യാറാക്കി ബഹിരാകാശ പരീക്ഷണങ്ങള്‍ തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

1984ല്‍ ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ച ഡിസ്‌കവറി ഇതുവരെ 322 ദിവസങ്ങള്‍ അവിടെ ചിലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്തെക്കുറിച്ച് പഠിക്കാനായി നിര്‍മ്മിച്ച ഹബിള്‍ ടെലസ്‌കോപ്പിനെ അവിടെയെത്തിച്ചതും ഡിസ്‌കവറിയായിരുന്നു.

26 വര്‍ഷത്തിനിടെ 38 തവണ ഡിസ്‌കവറി ബഹിരാകാശത്തേക്ക് കുതിച്ചു. ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കിയശേഷം ഡിസ്‌കവറിയെ സ്മിത്ത്‌സോനിയന്‍ ദേശീയ വ്യോമ ബഹിരാകാശ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് നാസയുടെ പദ്ധതി.