വാഷിംഗ്ടണ്‍: അന്തരീക്ഷത്തിന്റെ ഉപരിഭാഗത്തെക്കുറിച്ചുള്ള പഠനത്തിനായി യു.എസ് വിക്ഷേപിച്ച ഉപഗ്രഹം വെള്ളിയാഴ്ച ഭൂമിയില്‍ പതിച്ചേക്കും. വെള്ളിയാഴ്ച വൈകീട്ടോടെ ഉപഗ്രഹം ഭൂമിയിലെവിടെയെങ്കിലും പതിക്കുമെന്ന് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.

എവിടെ പതിക്കുമെന്ന് ഇപ്പോഴും ഉറപ്പ് പറയാനാവില്ല. ഇക്കാര്യം അവസാന മണിക്കൂറിലേ വ്യക്തമാകൂ. ചെറിയ ഭാഗങ്ങളായാണ് ഭൂമിയില്‍ പതിക്കുകയെന്നതിനാല്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് നാസ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമയമനുസരിച്ച് വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച രാവിലെയോ ഉപഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്. 1991ലാണ് നാസ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് (യു.എ.ആര്‍.എസ്.) എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.

ഇതിന് 35 അടി നീളവും 15 അടി വീതിയും ആറു ടണ്‍ ഭാരവുമുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഉപഗ്രഹത്തിന്റെ നല്ലൊരു ഭാഗവും വായുവുമായുള്ള ഘര്‍ഷണം മൂലം ചൂടുപിടിച്ച് കത്തിയമരും.

എങ്കിലും അര ടണ്ണോളം ലോഹഭാഗങ്ങള്‍ അവശേഷിക്കും. ആ ഭാഗങ്ങളാണ് ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി പതിക്കുക. ഉപഗ്രഹാവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ പതിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് നാസ പറയുന്നത്. ഇതിനുള്ള സാധ്യത 3,200ല്‍ ഒന്നുമാത്രമാണെന്നും നാസ വ്യക്തമാക്കുന്നുണ്ട്.