എഡിറ്റര്‍
എഡിറ്റര്‍
നാസ കണ്ടെത്തി, ചന്ദ്രയാന്‍ പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു
എഡിറ്റര്‍
Friday 10th March 2017 5:06pm

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍1 പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുവെന്ന് നാസ കണ്ടെത്തി. 2009 ഓഗസ്റ്റ് 9ന് ഐ.എസ്.ആര്‍.ഒയ്ക്ക് ചന്ദ്രയാന്‍1 പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. നാസയുടെ ഇന്റര്‍ പ്ലാനറ്ററി റഡാറാണ് ഇപ്പോള്‍ ചന്ദ്രയാനെ കണ്ടെത്തിയിരിക്കുന്നത്.

ചാന്ദ്രദൗത്യങ്ങളുടെ ചരിത്രത്തിലെ സുപ്രധാന ദൗത്യങ്ങളിലൊന്നായ ചന്ദ്രയാന്‍1 വിക്ഷേപിക്കപ്പെട്ടത് 2008 ഒക്ടോബര്‍ 22നാണ്. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ചന്ദ്രനിലെ ജലസാന്നിദ്ധ്യം സ്ഥിരീകരിച്ചത് ഈ ഇന്ത്യന്‍ ചാന്ദ്ര ദൗത്യമാണ്.

ചന്ദ്രന്റെ ഉപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായാണ് പേടകം ചന്ദ്രനെ ചുറ്റുന്നത് എന്നാണ് നാസയുടെ കണ്ടെത്തല്‍. ഇന്റര്‍ പ്ലാനറ്ററി റഡാര്‍ ഉപയോഗിച്ച് ചന്ദ്രയാനെ കണ്ടെത്തിയത് വളരെ ബുദ്ധിമുട്ടിയാണെന്ന് നാസയുടെ പത്രക്കുറിപ്പില്‍ പറയുന്നു. നാസയുടെ തന്നെ പേടകമായ ലൂണാര്‍ റെകൊനൈസന്‍സ് ഓര്‍ബിറ്റിനേയും (എല്‍.ആര്‍.ഒ) റഡാറുപയോഗിച്ച് കണ്ടെത്തിയിട്ടുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.


Also Read: ‘നല്ല മനോഹരമായ റിവ്യൂ,ഇത്ര സൂക്ഷമമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല’; ജനം ടിവിയുടെ ‘അപാര’ റിവ്യൂവിന് ലിജോ ജോസിന്റെ കട്ടയ്ക്കുള്ള മറുപടി


കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ആണ് ചന്ദ്രയാനെ കണ്ടെത്തിയത്. ചാന്ദ്രയാന്‍2 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ ഐ.എസ്.ആര്‍.ഒ നടത്തുന്നതിനിടെയാണ് നാസയുടെ പുതിയ കണ്ടെത്തല്‍.

ചന്ദ്രയാന്‍ പേടകം നിര്‍മ്മിക്കാന്‍ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാന്‍ പേടകം ചന്ദ്രന്റെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തിയാണ് ചന്ദ്രനെ വലംവെച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാന്‍1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതായിരുന്നു.

Advertisement