വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായ യു.എസ്. ഉപഗ്രഹം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തിന് സമീപം പതിച്ചതായി ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അറിയിച്ചു. ഉപഗ്രഹാവശിഷ്ടങ്ങള്‍ വീണത് എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപഗ്രഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയും അമേരിക്കയുടെ ദുരന്തനിവാരണ സേനയും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അപകടമൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതുകൊണ്ട് കടലിലാവും അവശിഷ്ടങ്ങള്‍വീണിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. രിചിതമല്ലാത്ത വസ്തുക്കള്‍ കണ്ടാലോ ആകാശത്തുനിന്നെന്തെങ്കിലും വീഴുന്നതു കണ്ടാലോ വിവരമറിയിക്കാന്‍ നാസ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. സംശയകരമായി എന്തെങ്കിലും വസ്തുക്കള്‍ വീണുകിടക്കുന്നത് കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുതെന്നും നാസ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ടു പതിറ്റാണ്ട് മുമ്പ് അന്തരീക്ഷ പഠനത്തിന് വിക്ഷേപിച്ച നാസയുടെ അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്) ഉപഗ്രഹമാണ് നിലംപതിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ പല രാസഘടകങ്ങളെയും മനസിലാക്കാന്‍ ഈ ഉപഗ്രഹം സഹായിച്ചിട്ടുണ്ട്. ഓസോണിനെക്കുറിച്ചുള്ള ആദ്യവിവരങ്ങളുടെ അടിസ്ഥാനം ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള പഠനങ്ങളായിരുന്നു. 750 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 3375 കോടി രൂപ) ആയിരുന്നു ഇതിന്റെ നിര്‍മ്മാണ ചെലവ്.

30 വര്‍ഷത്തിനിടെ നിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കുന്ന ഏറ്റവും വലിയ ബഹിരാകാശ പേടകാവശിഷ്ടങ്ങളാണിവ. 1950ല്‍ ബഹിരാകാശയുഗം ആരംഭിച്ചതിനുശേഷം എതെങ്കിലും ഉപഗ്രഹത്തിന്റെ ഭാഗം ഭൂമിയിലെത്തിയതുവഴി മനുഷ്യജീവനും സ്വത്തിനും നാശം സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല.