വാഷിംഗ്ടണ്‍: അന്യഗ്രഹത്തില്‍ ജീവന്‍ ഉള്ളതിനു തെളിവു ലഭിച്ചതായി നാസാ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. നാസയുടെ മാര്‍ഷല്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് ഹൂവറിന്റെ ഭൂമിക്ക് പുറത്ത് ജീവന്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. ഫ്രീ ഓണ്‍ലൈന്‍ ജേര്‍ണലായ ജേര്‍ണല്‍ ഓഫ് കോസ്‌മോളജിയില്‍ മണ്ണിരപോലുള്ള ജീവിയുടെ മൈക്രോസ്‌കോപ്പിക് ഘടനാചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ജീവന്റെ സാന്നിധ്യം കണ്ടെത്തിയതായി പരാമര്‍ശിച്ചിട്ടുള്ളത്.

ലോകത്തിന്റെ പലഭാഗത്തുമായി പതിച്ച പല തരത്തിലുള്ള കാര്‍ബണേഷ്യസ് കോണ്‍ഡ്രറ്റ് ഉല്‍ക്കളില്‍ നിന്നാണ് അന്യഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന് മനസിലായത്. ഈ ഉല്‍ക്കകളില്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അളവില്‍ ജലവും ഓര്‍ഗാനിക് മെറ്റീരിയല്‍സും അടങ്ങിയിട്ടുണ്ട്. നല്ല പവ്വറുള്ള മെക്രോസ്‌കോപ്പ് ഉപയോഗിച്ച് ഈ ഉല്‍ക്കകളുടെ ഉള്‍ഭാഗം പരിശോധിച്ചപ്പോള്‍ ബാക്ടീരിയപോലുള്ള ഒരു ജീവിയെ കണ്ടെത്താനായി. ഇന്റിഗ്നസ് ഫോസില്‍സ് എന്നാണ് അദ്ദേഹം ഇവയെ വിളിക്കുന്നത്. ഭൂമിയുടെ ഉത്ഭവത്തിന് മുമ്പുണ്ടായ ഒന്നാണിതെന്നാണ് അദ്ദേഹത്തിന്റെ അവകാശപ്പെടുന്നത്.

ഈ ബാക്ടീരികയകള്‍ ഭൂമിയില്‍ ഉള്ളവയല്ല. എന്നാല്‍ ഉല്‍ക്കകളില്‍ ഉണ്ടായിരുന്ന ജീവികളുടെ ശരീരത്തിലുള്ള ബാക്ടീരിയയുടെ ഫോസിലാവാം ഇത് എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഭൂമിക്ക് പുറമേ മറ്റിടങ്ങളിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഒരു പക്ഷേ ഭൂമിയില്‍ ജീവന്‍ ഉദയം മറ്റുഗ്രഹങ്ങളില്‍ നിന്നാവാം ഹൂവര്‍ വ്യക്തമാക്കി.

ഈ കണ്ടെത്തലുകള്‍ കൃത്യമായി പരിശോധിക്കുന്നതിനായി 100 പ്രഗത്ഭരായ ശാസ്ത്രഞ്ജരേയും 5,000ത്തോളം ശാസ്ത്രഞ്ജരേയും ക്ഷണിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജേര്‍ണലിന്റെ എഡിറ്റര്‍ റഡ്ബി സ്‌കില്‍ഡും ഹാര്‍വാഡ് സ്മിത്ത്‌സോണിയാനും അറിയിച്ചു. ഇത് മാര്‍ച്ച് 7, 10 തീയ്യതികളിലായി പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, 1996ല്‍ ചൊവ്വയില്‍ നിന്നു ഭൂമിയില്‍ പതിച്ച ഉല്‍ക്കയില്‍ ബാക്ടീരിയയെ കണ്ടെത്തിയതായി നാസാ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു.