എഡിറ്റര്‍
എഡിറ്റര്‍
പ്രപഞ്ചം സൃഷ്ടിച്ചത് അദൃശ്യ ശക്തി; ശാസ്ത്രജ്ഞനെ നാസ പുറത്താക്കി
എഡിറ്റര്‍
Friday 16th March 2012 12:10am

ലോസ്ആഞ്ചലസ്: പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിപ്പിന് പിന്നില്‍ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന് വാദിച്ച ശാസ്ത്രജ്ഞനെ നാസയില്‍ നിന്നും പുറത്താക്കി. അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസയുടെ ശനി ഗ്രഹ പര്യവേക്ഷണ പദ്ധതിയായ കസ്സിനിയുടെ മുഖ്യ പ്രവര്‍ത്തകരിലൊരാളായ ഡേവിഡ് കോപെഡ്ജിനെയാണ് നാസ പുറത്താക്കിയത്.

പരിണാമ സിദ്ധാന്തത്തിനെതിരായി സൃഷ്ടിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇന്റലിജന്‍സ് ഡിസൈന്‍ സിദ്ധാന്തത്തിന്റെ വക്താവാണ് ഡേവിഡ് കോപെഡ്ജ്. ഇതുസംബന്ധിച്ച വാദഗതികള്‍ ഇദ്ദേഹം നാസയിലെ തന്റെ സഹപ്രവര്‍ത്തകരുടെ മുമ്പാകെ അവതരിപ്പിക്കുകയും ഇതിനെക്കുറിച്ച് വിശദീകരിക്കുന്ന ഡി.വി.ഡികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ 2009ല്‍ കസ്സിനി പദ്ധതിയുടെ നേതൃസ്ഥാനത്തുനിന്ന് കോപെഡ്ജിനെ നാസ നീക്കിയിരുന്നു.

ഇതിനെതിരെ കോപെഡ്ജ് കോടതിയില്‍ പരാതി നല്‍കി. എന്നാല്‍, സഹപ്രവര്‍ത്തകരുടെ മതവികാരം വ്രണപ്പെടുത്തുംവിധം പ്രവര്‍ത്തിച്ചുവെന്നാണ് നാസ കോടതിയില്‍ വാദിച്ചത്. ലോസ് ആഞ്ജലസ് കോടതിയാണ് കേസ് പരിഗണനക്കെടുത്തത്.

പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിക്കും നിലനില്‍പിനും പിന്നില്‍ ഒരു അദൃശ്യ ശക്തിയുണ്ടെന്ന വാദമാണ് ഇന്റലിജന്‍സ് ഡിസൈന്‍ സിദ്ധാന്തം. ഡാര്‍വിനിസത്തെയും പരിണാമവാദത്തെയും ഈ സിദ്ധാന്തം എതിര്‍ക്കുന്നു.

മുമ്പും ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുള്ളതായി ഡിസ്‌കവറി ഇന്‍സ്റ്റിറ്റിയൂട്ടിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ചര്‍ അസോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ വെസ്റ്റ് പറയുന്നു. ഡാര്‍വിനിസത്തിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ യൂറോപ്പിലും യു.എസിലും പരോക്ഷ യുദ്ധം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേരത്തേ, ഡാര്‍വിനിസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സൃഷ്ടിവാദികള്‍ രംഗത്തെത്തിയിരുന്നു.

Malayalam news

Kerala news in English

Advertisement