വാഷിങ്ടണ്‍: വിഷലോഹമായ ആര്‍സെനിക്കിന്റെ തന്മാത്രകൊണ്ട് കോശം നിര്‍മിച്ച ബാക്ടീരിയയെ നാസ കണ്ടെത്തി. കോശത്തിലെ ഡി.എന്‍.എ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഫോസ്ഫറസിനാലാണെന്ന ഇതുവരെയുള്ള കണ്ടെത്തലാണ് തിരുത്തപ്പെട്ടിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ മൊണോ തടാകത്തില്‍ കണ്ടെത്തിയ ബാക്ടീരിയകളില്‍ നടത്തിയ പരീക്ഷണമാണ് പുതിയ വിവരത്തിന് പിന്നില്‍. ആര്‍സെനിക് വെള്ളത്തില്‍ ഈ ബാക്ടീരയകളെ വളര്‍ത്തുകയായിരുന്നു.ഈ ബാക്ടീരിയകള്‍ ആര്‍സെനിക് തന്മാത്രകളെ ആഗിരണം ചെയ്ത് വളര്‍ന്നത് ശാസ്ത്രലോകത്തിന് പുതിയ അറിവായിരുന്നു.

ജീവന്‍ നിലനില്‍ക്കാനത്യാവശ്യമെന്ന് കരുതുന്ന നാലുമൂലകങ്ങളുണ്ട്. ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. ഇതില്‍ ഫോസ്ഫറസിന് പകരം ആര്‍സെനിക് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഒരിനം ബാക്ടരീയയ്ക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍.

വിഷത്തില്‍ പോലും ജീവന്റെ തുടിപ്പുണ്ടാകും. ചൊവ്വയിലും മറ്റും രാസരൂപങ്ങള്‍ക്കുള്ളിലെവിടെയെങ്കിലും ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന വിശ്വാസത്തിനാണ് ഈ കണ്ടെത്തല്‍ കരുത്തുപകരുന്നത്.