ice cream investigationകോഴിക്കോട്: മാറാട് പോലെ വര്‍ഗീയ കലാപം അഴിച്ചുവിടുകയായിരുന്നു കോഴിക്കോട് നരിക്കാട്ടേരിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എസ്.പി. സി.എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. മംഗളം ദിനപത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 26നു രാത്രി നരിക്കാട്ടേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. പാത്രത്തില്‍ സൂക്ഷിച്ച ബോംബ് താഴെ വീണുപൊട്ടുകയായിരുന്നു. മുസ്‌ലീം ലീഗ് നേതാവ് സൂപ്പിനരിക്കാട്ടേരിയുടെ സഹോദരന്‍ മൊയ്തു അടക്കം 32 പേരാണ് കേസിലെ പ്രതികള്‍. നേരത്തെ പ്ലാനിട്ട പ്രകാരം ഈ ആക്രമണം നടന്നിരുന്നുവെങ്കില്‍ സംസ്ഥാനത്തു വന്‍തോതിലുള്ള കലാപം നടക്കുമായിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സി.പി.ഐ.എം- ലീഗ് കുടിപ്പകയല്ല നരിക്കാട്ടേരിയിലേതെന്നാണു ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. കൂട്ട ആക്രമണമാണു ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ രണ്ടു തീവ്രവാദസംഘടനകളുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആസൂത്രണം ഗള്‍ഫിലും നടന്നിട്ടുണ്ട്.

ആക്രമണം നടത്താന്‍ നാദാപുരത്തുകാരായ ആറുപേര്‍ ദുബായില്‍ നിന്ന് എത്തി. ഇവര്‍ ഗള്‍ഫില്‍ നിന്ന് വിളിച്ച ഫോണ്‍കോളുകളുടെ രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ആക്രമണം നടത്തി തിരിച്ചുപോവുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ അബദ്ധത്തില്‍ ബോംബുകള്‍ പൊട്ടിയതോടെ പദ്ധതി പാളി. ഇവര്‍ ഉടനെ തന്നെ വിദേശത്തേക്കു മടങ്ങി. ഇവര്‍ക്ക് പെട്ടെന്ന് വിസയും വിമാനടിക്കറ്റും കിട്ടിയ കാര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിനു പിന്നില്‍ തീവ്രവാദ ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയവും മതപരവുമായ ഒരു മുതലെടുപ്പായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam news

Kerala news in English