എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി മോഡിക്ക് കീഴടങ്ങി; ഗഡ്കരിക്ക് രണ്ടാമൂഴം, സഞ്ജയ് ജോഷി പുറത്ത്
എഡിറ്റര്‍
Friday 25th May 2012 12:35am

മുംബൈ: മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ബന്ധത്തിന് കീഴടങ്ങി ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനം ഗഡ്കരിക്ക് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മോഡിക്ക് അനഭിമതനായ ആര്‍.എസ്.എസ് നോമിനി സഞ്ജയ് ജോഷിയെ നിര്‍വാഹക സമിതിയില്‍നിന്ന് രാജിവെപ്പിച്ചാണ് ഗഡ്കരിയുടെ രണ്ടാമൂഴത്തിനുള്ള മാര്‍ഗതടസ്സം ആര്‍.എസ്.എസ് ഒഴിവാക്കിയത്. ദേശീയ നിര്‍വാഹക സമിതിയില്‍ മോഡിയുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ജോഷിയെ ബലിയാടാക്കിയത്. നേരത്തെയെടുത്ത തീരുമാനം മാറ്റി ദേശീയ നിര്‍വാഹക സമിതിയില്‍ പങ്കെടുത്ത നരേന്ദ്രമോഡി അധ്യക്ഷപദത്തില്‍ ഗഡ്കരിക്ക് മൂന്നുവര്‍ഷം കൂടി നീട്ടി നല്‍കിയ ഭരണഘടനാ ഭേദഗതിക്ക് സാക്ഷിയാകുകയും ചെയ്തു.

സഞ്ജയ് ജോഷിയുടെ രാജി ഉറപ്പാക്കിയ ശേഷമാണ് മുംബൈയില്‍ ഇന്നലെ ആരംഭിച്ച നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കാമെന്ന് മോഡി ഫോണില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഗഡ്കരിയെ അറിയിച്ചത്. തീരുമാനം വന്നശേഷം നാലുമണിയോടെയാണ് അദ്ദേഹം യോഗത്തിനെത്തിയത്.

ദേശീയ നിര്‍വാഹക സമിതി ബി.ജെ.പി ഭരണഘടന ഭേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജഗത് പ്രകാശ് നദ്ദയാണ് അറിയിച്ചത്. ശബ്ദവോട്ടോടെയാണ് നിര്‍ദേശം പാസായതെന്ന് നദ്ദ പറഞ്ഞു. മുന്‍ പ്രസിഡന്റ് രാജ്‌നാഥ് സിങ് കൊണ്ടുവന്ന പ്രമേയം മറ്റൊരു മുന്‍ പ്രസിഡന്റായ വെങ്കയ്യ നായിഡു പിന്തുണച്ചു. മൂന്ന് വര്‍ഷം വീതമുള്ള തുടര്‍ച്ചയായ രണ്ട് ടേം ഒരാള്‍ക്ക് പ്രസിഡന്റ് പദവി ആകാമെന്നാണ് പുതിയ ഭേദഗതി. നിലവിലുള്ള പാര്‍ട്ടി ഭരണഘടന പ്രകാരം മൂന്നുവര്‍ഷം മാത്രമേ ഒരാള്‍ക്ക് പ്രസിഡന്റായിരിക്കാന്‍ കഴിയുകയുള്ളൂ. ഇത് പ്രകാരം ഈ വര്‍ഷം ഡിസംബറില്‍ ഗഡ്കരിയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. നിര്‍വാഹക സമിതി അംഗീകരിച്ച ബി.ജെ.പി ഭരണഘടനയുടെ 31ാം വകുപ്പിന്റെ ഭേദഗതിക്ക് ദേശീയ സമിതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ വാജ്‌പേയിക്കും അദ്വാനിക്കുംശേഷം ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് പദത്തില്‍ ഒരേ ആള്‍ ആറുവര്‍ഷം തികക്കും.

തന്റെ ബദ്ധവൈരിയായ സഞ്ജയ് ജോഷിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത ശേഷം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും നിന്നു മോഡി വിട്ടുനില്‍ക്കുകയായിരുന്നു. സഞ്ജയ് ജോഷി സ്വമേധയാ രാജി സമര്‍പ്പിച്ചതാണെന്നു പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു. തന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടാകാന്‍ പാടില്ലെന്ന കാരണവും ജോഷി രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാര്‍ട്ടിക്കു മാത്രമല്ല ആര്‍എസ്എസിനും അതീതനാണു നരേന്ദ്രമോഡിയെന്നു വെളിവാക്കുന്നതാണ് ജോഷിയുടെ രാജി. ആര്‍എസ്എസ് നിര്‍ദേശമനുസരിച്ചായിരുന്നു ജോഷിയുടെ പുനഃപ്രവേശനം.

ലൈംഗിക സിഡി അപവാദത്തെ തുടര്‍ന്നു ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കപ്പെട്ട ജോഷിയെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചു നരേന്ദ്രമോഡി ഏറെക്കാലമായി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിരുന്നില്ല. യുപി, ഉത്തരാഖണ്ഡ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ പ്രചാരണത്തിന് ഇറങ്ങണമെന്ന പാര്‍ട്ടിയുടെ അഭ്യര്‍ഥനയും മോഡി ചെവിക്കൊണ്ടില്ല. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി നടത്തിയ അനുരഞ്ജന ശ്രമത്തിലാണ് ജോഷിയെ ഒഴിവാക്കാമെന്ന ഉപാധിയില്‍ മോഡി കേന്ദ്ര നേതൃത്വവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.

Advertisement