ന്യൂദല്‍ഹി: ഗുജറാത്തില്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉപവാസം അനുഷ്ഠിക്കുന്നു. ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ഉപവാസം അനുഷ്ഠിക്കുമെന്നു മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ മോഡിയെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പ്രഖ്യാപനം.

ഗുജറാത്തില്‍ സാമുദായിക സൗഹാര്‍ദവും സാഹോദര്യവും ശക്തിപ്പെടുത്തുക തന്റെ ഉത്തരവാദിത്തമാണെന്നും അതിനായുള്ള സദ്ഭാവനാ മിഷന്റെ ഭാഗമായാണു താന്‍ മൂന്നു ദിവസം ഉപവാസം അനുഷ്ഠിക്കുന്നതെന്നും മോഡി പറഞ്ഞു. സദ്ഭാവനാ ദൗത്യത്തിന്റെ ഭാഗമായി 17, 18, 19 തീയതികളില്‍ ഉപവസിക്കാനാണു തീരുമാനം. 2002 ലെ സംഭവം പഴങ്കഥയാക്കി ഗുജറാത്ത് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഏറെ മുന്നേറിയിരിക്കുന്നു. സൗഹാര്‍ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഭാവനാ പരിപാടി ആചരിക്കുന്നതെന്നും മോഡി അറിയിച്ചു.

അപവാദപ്രചാരണത്തിലൂടെ തന്നെയും ഗുജറാത്തിനെയും അപമാനിക്കുന്നതു ഫാഷനായി മാറിയിരിക്കുകയാണെന്നു ജനങ്ങള്‍ക്കുള്ള തുറന്ന കത്തില്‍ മോഡി അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ പുരോഗതിയില്‍ അസൂയ പൂണ്ടവരാണു കുപ്രചാരണത്തിനു പിന്നില്‍. ഈ കുപ്രചാരണം സുപ്രീം കോടതിയുടെ തീരുമാനത്തോടെ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി വിധിയോട് അദ്ദേഹം പ്രതികരിച്ചത്. സുപ്രീംകോടതി വിധിയോടെ, 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തനിക്കും സര്‍ക്കാറിനുമെതിരെ എതിരാളികള്‍ ഉന്നയിച്ച തെറ്റായ ആരോപണങ്ങള്‍ക്ക് അവസാനമായതായും കത്തില്‍ അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയില്‍നിന്നുണ്ടായ ആശ്വാസ നടപടിയോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി ദേശീയരാഷ്ട്രീയത്തില്‍ ശക്തമായ പങ്കു വഹിക്കുമെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.