ന്യൂദല്‍ഹി: ഗോദ്ര സംഭവത്തിന് ശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ അടക്കം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ അന്വേഷണത്തില്‍ പ്രസക്തമല്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം ജസ്റ്റിസുമാരായ ഡി കെ ജയിന്‍, പി സദാശിവം, അഫ്താബ് ആലം എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളി. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കോടതിക്ക് കൈമാറുന്നതിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു.

പല തവണ ആവശ്യപ്പെട്ടിട്ടും കേസന്വേഷണത്തിന് ആവശ്യമായ ചില രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന്് മുന്‍ സി ബി ഐ ഡയരക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ടില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം അഞ്ചു മാസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഏപ്രില്‍ 30നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങള്‍, ഗോധ്ര സംഭവത്തിന് തൊട്ടു മുമ്പും അതിനു ശേഷവും മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗ ഭാഗങ്ങള്‍ എന്നിവയടക്കം 14 രേഖകളാണ് പ്രത്യേകാന്വേഷണ സംഘം ഗുജറാത്ത് സര്‍ക്കാറില്‍ നിന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കിട്ടിയത് ഒരു രേഖ മാത്രമാണ്.

2008 മാര്‍ച്ച് 26നാണ് ഗോധ്രാനന്തര കേസുകളെക്കുറിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പോലിസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച അന്വേഷണം സി ബി ഐക്ക് വിട്ട സാഹചര്യത്തില്‍ പ്രത്യേകാന്വേഷണ സംഘം പുനഃസംഘടിപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് സൊളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില ആവശ്യപ്പെട്ടു.