അഹമ്മദാബാദ്: കോണ്‍ഗ്രസ്  രാജ്യത്ത് ദുര്‍ഭരണമാണ് നടത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് ഭരണത്തെ ‘ദുര്‍ദശ’യെന്ന് വിശേഷിപ്പിച്ച മോഡി ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി വനിതാവിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഗാന്ധിനഗറില്‍ ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

Ads By Google

കോണ്‍ഗ്രസ് ഭരണം രാജ്യത്തെ തെറ്റായ ദിശയിലേയ്ക്കും മോശപ്പെട്ട അവസ്ഥയിലേയ്ക്കും നയിച്ചിരിക്കുന്നതായി മോഡി വിമര്‍ശിച്ചു. ഗുജറാത്തില്‍ ആ അവസ്ഥയുണ്ടാക്കാനിടയാക്കരുതെന്നും മോഡി പറഞ്ഞു.

വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്ന് മോഡി പറഞ്ഞു. ഗുജറാത്തിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനല്‍ വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയ കോണ്‍ഗ്രസ് നടപടിയെ മോഡി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വിമര്‍ശനങ്ങളോട് അസഹിഷ്ണുതാ മനോഭാവമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്യുന്നതായും മോഡി ആരോപിച്ചു. ഇത്തരം ഒരു കക്ഷിയാണ് ജനാധിപത്യത്തെക്കുറിച്ച് പറയുന്നതെന്നും മോഡി കുറ്റപ്പെടുത്തി.

1975ലെ അടിയന്തരാവസ്ഥയെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ ഇന്ദിരാഗാന്ധിയുടെ ആ ദിനങ്ങളെക്കുറിച്ച് ഓര്‍ത്തുനോക്കൂ, അവര്‍ ജനാധിപത്യത്തെ ആക്രമിച്ച കാലം.’

ഈ വര്‍ഷം ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബൂത്ത് ലെവലില്‍ തന്നെ മികച്ച രീതിയില്‍ പ്രചരണം നടത്തണമെന്ന് മോഡി വനിതാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സ്ത്രീകള്‍ തീരുമാനിക്കുകയും ഓരോ ബൂത്തിലും കുറഞ്ഞത് 300 വോട്ടുകളെങ്കിലും നേടാനുമായാല്‍ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.