എഡിറ്റര്‍
എഡിറ്റര്‍
‘ടൈം പേഴ്‌സണല്‍ ഓഫ് ദി ഇയര്‍’ ചുരുക്കപ്പട്ടികയില്‍ മോഡിയും, ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നില്‍
എഡിറ്റര്‍
Tuesday 26th November 2013 5:40pm

modi-2

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും.

ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ നിലവില്‍ മോഡിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 2013 ലെ അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മോഡി മാത്രമേ ഇടം പിടിച്ചിട്ടുള്ളൂ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്ഥാനഭ്രഷ്ടമാക്കുക ഹിന്ദു ദേശീയവാദിയും ഗുജറാത്തിലെ മുഖ്യമന്ത്രിയുമായ വിവാദ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് ടൈം മാസിക മോഡിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 42 പേരിലൊരാളായാണ് മോഡിയും പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ എന്നിവരാണ് 42 അംഗ പട്ടികയിലുള്ളത്. ടൈമിലെ പത്രാധിപ സംഘമാണ് ജേതാവിനെ തീരുമാനിക്കുക.

എന്നാല്‍ നല്ലതും ചീത്തയുമായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഏറ്റവും സ്വാധീനമുള്ള നേതാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്കും ടൈം അവസരം നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 25 ശതമാനം വോട്ടാടെയാണ് നിലവില്‍ മോഡി മുന്നിട്ട് നില്‍ക്കുന്നത്. 2 ശതമാനം വോട്ടോടെ എന്‍എസ്എയുടെ ചാരവൃത്തി പുറത്ത്‌കൊണ്ട് വന്ന എഡ്വോര്‍ഡ് സ്‌നോഡനാണ് ഇപ്പോള്‍ രണ്ടാമതുള്ളത്. നവംബര്‍ 20 വരെയുള്ള കണക്കാണിത്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യുസഫ്‌സായി, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, എഡ്വേര്‍ഡ് സ്‌നോഡന്‍, ബ്രിട്ടന്‍ കിരീടാവകാശി ജോര്‍ജ് രാജകുമാരന്‍ എന്നീ പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇവരെക്കൂടാതെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, ട്വിറ്റര്‍ സിഇഒ ഡിക് കോസ്‌റ്റോളോ, പോപ് ഫ്രാന്‍സിസ്, ഓസ്‌കര്‍ ജേതാവ് ആന്‍ജലീന ജോളി, ജര്‍മ്മന്‍ ചാന്‍സലറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആഞ്ജല മര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അടുത്ത മാസമാണ് 2013ലെ പേഴ്‌സണ്‍ ഓഫ് ഇയറിനെ പ്രഖ്യാപിക്കുക.

Advertisement