ന്യൂദല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിന്റ പ്രചാരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും പാര്‍ട്ടി സെക്രട്ടറി വരുണ്‍ഗാന്ധിയേയും ബി ജെ പി അയക്കില്ല.

തിരഞ്ഞെടുപ്പു കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച 40 തിരഞ്ഞെടുപ്പു പ്രചാരകരുടെ പട്ടികയില്‍ മോഡിയുടെയും വരുണ്‍ ഗാന്ധിയുടെയും പേരില്ല. ആരു ഘട്ടമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ് രണ്ടു ഘട്ടത്തിന്റെ പ്രചാരണത്തിനുള്ളവരുടെ ലിസ്റ്റാണ് ഇത്.

മേഡിയെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവരുന്നത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മോഡിയുടെ സാന്നിധ്യം കൊണ്ട് മുസ്‌ലിം വോട്ട് ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിക്ക് പോകുമെന്നാണ് നിതീഷിന്റെ ആശങ്ക. അതുകൊണ്ടാണ് മോഡിയെയും വരുണിനെയും പ്രചാരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പാര്‍ട്ടി നേത്യത്വവും ആഗ്രഹിക്കുന്നത് എന്നു വേണം കരുതാന്‍. സംസ്ഥാനത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്‍ ഡി എ ക്ക് വ്യക്തമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും മോഡിയുടെ സാന്നിധ്യം വോട്ടര്‍മാരുടെ ശ്രദ്ധ അതില്‍ നിന്നു നീക്കുമെന്നാണ് നിതീഷിന്റെ ഭാഷ്യം.

എന്നാല്‍ തന്റെ പ്രതിച്ഛായയില്‍ മാറ്റം വരുത്താന്‍ കഠിനശ്രമം നടത്തുകയാണ് മോഡി. വികസനത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിച്ഛയായുണ്ടാകാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മോഡിയെ അടുപ്പിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് നിതീഷ്‌കുമാര്‍. 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ തോല്‍വിക്ക് പ്രധാനകാരണം ഗുജറാത്ത് കലാപമാണ് എന്നാണ് നിതീഷ് വിശ്വസിക്കുന്നത്. കലാപത്തില്‍ നേരിട്ടു പങ്കുള്ള നരേന്ദ്ര മോഡി സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നത് വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.