എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദി മോദിയെന്ന് ബീഹാര്‍ മന്ത്രി
എഡിറ്റര്‍
Sunday 17th November 2013 9:46pm

narendra-modi

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദി ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയാണെന്ന് ബീഹാര്‍ കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ്.

നരേന്ദ്ര മോദി ഭീകരവാദിയായതുകൊണ്ടാണ് അദ്ദേഹം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അക്രമഭീഷണിയെക്കുറിച്ച് സംസാരിക്കുന്നതെന്നും മറ്റുള്ളവരെ കൊല്ലുന്നവര്‍ക്കാണ് താനും കൊല്ലപ്പെടും എന്നുള്ള ഭയമുണ്ടാകുന്നതെന്നും സിങ് പറഞ്ഞു.

പാട്‌ന സ്ഫോടനത്തില്‍ ബി.ജെ.പി ക്ക് പങ്കുണ്ടെന്നും മോദിക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് ഉന്നയിക്കുന്നത് ബി.ജെ.പി യുടെ പ്രചരണ ആയുധമാണെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബര്‍ 27 ന് പാട്‌നയില്‍ വച്ച് നടന്ന മോദിയുടെ റാലിക്ക് നേരെയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിരോധിക്കപ്പെട്ട ഇന്ത്യന്‍ മുജാഹിദീന്‍ ആണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഇസഡ് കാറ്റഗറി സുരക്ഷയാണ് മോദിക്കുള്ളത്. എന്നാല്‍ പാട്‌ന സ്‌ഫോടനത്തിന് ശേഷം വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന  സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ മോദിക്ക് നല്‍കണമെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടത്.

ബി.ജെ.പി മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ 17 വര്‍ഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിച്ച് പോയതാണ് നിധീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു.

Advertisement