എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയെ മോഡി തന്നെ നയിക്കും
എഡിറ്റര്‍
Sunday 9th June 2013 2:54pm

narendra-modi

ഗോവ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നരേന്ദ്ര മോഡി നയിക്കും. ഗോവയിലെ പനാജിയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം.

പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഡി വിരുദ്ധരുടെ നിലപാട് മയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

Ads By Google

അദ്വാനി പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി നരേന്ദ്ര മോഡിയെ ചുമതലയേല്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കാന്‍ ഏറ്റവും ജനകീയനായ നേതാവ് തന്നെ വേണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോഡിയെ നിയോഗിച്ചിരിക്കുന്നതെന്ന് നേതൃത്വം  വ്യക്തമാക്കി.

വരുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് പാര്‍ട്ടിക്ക് മോഡിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അദ്വാനിയുമായി സമവായത്തിലൂടെ നരേന്ദ്രമോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഏല്‍പ്പിക്കണമെന്നാണ് ആര്‍.എസ്.എസ്. നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യം അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനെ അറിയിച്ചിരുന്നു.

ബി.ജെ.പി രൂപവത്കരിച്ചശേഷം ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ ഇതുവരെ അദ്വാനി പങ്കെടുക്കാതിരുന്നിട്ടില്ല. വെള്ളിയാഴ്ച നടന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല.

അനാരോഗ്യമാണ് അദ്വാനി എത്താത്തതിന് കാരണമെന്ന് ദേശീയവക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ ശനിയാഴ്ചയും വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്.

നിര്‍വാഹക സമിതില്‍ എടുത്ത തീരുമാനങ്ങളെല്ലാം അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ ആശീര്‍വാദത്തോടെയാണെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രവര്‍ത്തകരുടെ ആഗ്രഹം തള്ളിക്കളയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും ജനാധിപത്യപരമായ ചര്‍ച്ചകളെ ഭിന്നതയായി കാണേണ്ടതില്ലെന്നുമായിരുന്നു ഷാനവാസിന്റെ വാക്കുകള്‍.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ആദ്യപടിയായിട്ടാണ് നീക്കം വിലയിരുത്തപ്പെടുന്നത്. മോഡി തെരഞ്ഞെടുപ്പ് പ്രചാരണ സമതിയുടെ അധ്യക്ഷനാകുമ്പോള്‍ മോഡിയുടെ അധ്യക്ഷതയിലാകും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ചേരുക.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ പാര്‍ട്ടിയെ നയിച്ച ആളെന്ന നിലയില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയരുന്ന ആദ്യ പേരുകളില്‍ ഒന്ന് മോഡിയുടേതാകും.

അദ്വാനിപക്ഷക്കാരായ ഉമാഭാരതി, ജസ്വന്ത്‌സിങ്, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, യോഗി ആദിത്യാനന്ദ് തുടങ്ങിയവരും യോഗത്തില്‍നിന്ന് വിട്ടുനിന്നു. കേരളത്തില്‍നിന്ന് ദേശീയസെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാനഅധ്യക്ഷന്‍ വി. മുരളീധരന്‍ , ജനറല്‍ സെക്രട്ടറി ഉമാകാന്തന്‍ , ഒ. രാജഗോപാല്‍ , സി.കെ. പത്മനാഭന്‍ , പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement