പാറ്റ്‌ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രാജധര്‍മ്മം പാലിക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരിയാണെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ജനതാദള്‍ (യു). ഗുജറാത്തിലെ അഞ്ച് കോടി ജനങ്ങളോട് രാജധര്‍മ്മം പാലിക്കാന്‍ കഴിയാത്ത മോഡിയ്ക്ക് എങ്ങനെയാണ് ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് നീതി നല്‍കാനാകുന്നതെന്ന് ജനതാദള്‍ (യു) ദേശീയ വക്താവ് ശിവാനന്ദ് തിവാരി ചോദിച്ചു.

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഗോധ്രകലാപത്തിനുശേഷമുള്ള ഗുജറാത്തിനെക്കുറിച്ച് ആശങ്ക പുലര്‍ത്തിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇന്നും അരക്ഷിതത്വബോധവും ഭീതിയും നിലനില്‍ക്കുന്നുണ്ട്.

ഉപവാസ സമരത്തോടനുബന്ധിച്ച് മോഡി നടത്തിയ പ്രസംഗത്തില്‍ തന്നെ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം വ്യക്തമാണ്. ഗുജറാത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഖേധം രേഖപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സാധാരണ ഗുജറാത്തിയില്‍ പ്രസംഗിക്കുന്ന മോഡി ഹിന്ദി തിരഞ്ഞെടുത്തത് പ്രതിഛായ മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ശിവാനന്ദ് തിവാരി പറഞ്ഞു.

ഗുജറാത്ത് എല്ലാക്കാലത്തും സമ്പന്ന ദേശമായിരുന്നെന്നും ബ്രിട്ടിഷ് ഭരണകാലത്തും അത് അപ്രകാരം തന്നെ തുടര്‍ന്നുവെന്നും പറഞ്ഞ ശിവാനന്ദ് തിവാരി ഗുജറാത്തിന്റെ പുരോഗതി ഒരു പുതിയ കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി.