എഡിറ്റര്‍
എഡിറ്റര്‍
മോഡിയ്‌ക്കൊപ്പം ആര്‍.എസ്.എസിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ കവിത കര്‍ക്കറെ
എഡിറ്റര്‍
Wednesday 6th June 2012 12:25am

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് മേധാവി ഹേമന്ദ് കര്‍ക്കറെയുടെ ഭാര്യ കവിത കര്‍ക്കറെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കൊപ്പം  വേദി പങ്കിട്ടത് ചര്‍ച്ചയാവുന്നു. ആര്‍.എസ്.എസ് അനുഭാവ സംഘടനയുടെ അവാര്‍ഡ്ദാന ചടങ്ങിലാണ് കവിത കര്‍ക്കറെ മോഡിക്കൊപ്പം വേദിപങ്കിട്ടത്.

തിങ്കളാഴ്ചയാണ് അവാര്‍ഡ് ദാനചടങ്ങ് നടന്നത്. ഒരിക്കല്‍ കടുത്ത നിലപാടോടെ മോഡിയുടെ സഹായം നിരസിച്ച വ്യക്തിയാണ് കവിത കര്‍ക്കറെ. ചടങ്ങില്‍ പങ്കെടുത്ത കവിത മോഡിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു. 2008ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷണത്തിനിടെ രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് കര്‍ക്കറെ കണ്ടെത്തിയിരുന്നു. മുഖ്യപങ്കാളിയും മോഡിയുടെ അടുത്ത അനുയായിയുമായ സ്വാമി അസിമാനന്ദയിലേക്ക് അന്വേഷണം നീണ്ടതോടെ മോഡിയും ഗുജറാത്ത് സര്‍ക്കാറും കര്‍ക്കറെയുടെ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നതും ആക്രമണത്തിനിടെ കര്‍ക്കരെ കൊല്ലപ്പെടുന്നതും.

ഇതേ ചടങ്ങില്‍ മോഡി നടത്തിയ പ്രസംഗവും വിവാദമായി. ഇന്ദിര ഗാന്ധിയുടെ മതേതരത്വത്തെയും ഗാന്ധി കുടുംബത്തെയും ശക്തമായി വിമര്‍ശിക്കുന്നതായിരുന്നു മോഡിയുടെ പ്രസംഗം.

വടക്കുകിഴക്കന്‍ പ്രദേശങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട വിമര്‍ശത്തിനിടെയാണ് മോഡി ഇന്ദിരഗാന്ധിയുടെ മതേതരത്വത്തെ ചോദ്യം ചെയ്തത്. ഇന്ദിരഗാന്ധി മത്സരിക്കുന്ന സമയത്ത് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ബൈബിളിന് സമാനമായ ഭരണം ഏര്‍പ്പെടുത്തുമെന്ന് പരാമര്‍ശിച്ചിരുന്നതായി മോഡി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വടക്കുകിഴക്കന്‍ പ്രദേശത്തുള്ളവരെ അര്‍ഹമായ രീതിയില്‍ പരിഗണിക്കാതിരുന്നത് ‘ഗാന്ധി കുടുംബത്തിന്റെ’ പ്രസക്തി നഷ്ടമാകുമെന്ന ഭീതിയാലാണെന്നും അദ്ദേഹം തുറന്നടിച്ചു.

Advertisement