ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിറകില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രകാരനും മുതിര്‍ന്ന നേതാവുമായ എം.ജി വൈദ്യ.

തന്റെ ബ്ലോഗിലാണ് വൈദ്യ നരേന്ദ്ര മോഡിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

Ads By Google

‘രാം ജെത്മലാനി  നിതിന്‍ ഗഡ്കരിയുടെ രാജി ആവശ്യപ്പെടുകയും അതേസമയം തന്നെ 2014 ല്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.’ വൈദ്യ തന്റെ ബ്ലോഗില്‍ പറയുന്നു. ഗഡ്കരിക്കെതിരെയുള്ള പ്രചരണം ഗുജറാത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കാമെന്നും വൈദ്യ പറയുന്നു.

ഗഡ്കരിയും അദ്വാനിയും തങ്ങള്‍ക്ക് പ്രധാനമന്ത്രി പദം ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞതാണ്. അതേസമയം, നരേന്ദ്ര മോഡി പ്രധാനമന്ത്രിയാവണമെന്ന കാര്യം ഇതുവരെ തള്ളിപ്പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്നും വൈദ്യ പറയുന്നു.

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കാര്യമായി നടക്കുന്നതിനിടയില്‍ തന്നെയാണ് വൈദ്യയുടെ മോഡി വിരുദ്ധ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, വൈദ്യയുടെ പരാമര്‍ശം തീര്‍ത്തും വ്യക്തിപരമാണെന്നും ഔദ്യോഗികമായി ഇങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ പറയുന്നത്.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഗഡ്കരിയോട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ബി.ജെ.പി എം.പി രാം ജെത്മലാനിയും അദ്ദേഹത്തിന്റെ മകന്‍ മഹേഷും ആവശ്യപ്പെട്ടിരുന്നു. ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരെ പോലെ പാര്‍ട്ടിയെ പുറത്ത് നിന്ന് പിന്തുണക്കാനാണ് ജെത്മലാനി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടത്.