അഹമ്മദാബാദ് : ഗുജറാത്തിന്റെ സാമൂഹിക സാമുദായിക ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തുമെന്നറിയിച്ച ഉപവാസത്തിന് തുടക്കമായി. ഗുജറാത്ത് യൂനിവേഴ്‌സിറ്റി കണ്‍വെന്‍ഷന്‍ സെന്ററിലെ എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സിബിഷന്‍ ഹാളില്‍ കനത്ത സുരക്ഷാവലയത്തിലാണ് ഉപവാസം നടത്തുന്നത്. അതേസമയം, ഹരേണ്‍ പാണ്ഡ്യ വധക്കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഈ ഹാളിന് പുറത്ത് പാണ്ഡ്യയുടെ വിധവ ജാഗ്രുതി ഒരു ദിവസത്തെ പ്രതീകാത്മക ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രുതിയുടെ സമര പ്രഖ്യാപനം മോഡിയുടെ ഉദ്യമത്തിന് തിരിച്ചടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്.

61-ാം ജന്മദിനവേളയിലാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസത്തിന് മോഡി തുടക്കം കുറിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ മോഡിക്കു പിന്തുണയുമായി അഹമ്മദാബാദിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ എഐഎഡിഎംകെയും അകാലിദളും മോഡിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.  മോഡിക്ക് പിന്തുണയുമായി ജയലളിതയും രംഗത്തെത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കായി ഗുജറാത്ത് സര്‍ക്കാര്‍ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സത്യാഗ്രഹം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലെ സുരക്ഷാക്രമീകരണത്തിനാണ് 60 വനിതാ ഓഫീസര്‍മാരും 150 വനിതാ കോണ്‍സ്റ്റബിള്‍മാരുമടക്കമുള്ള വന്‍ വ്യൂഹത്തെ നിയോഗിച്ചത്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോഡിയെ വിചാരണ ചെയ്യുന്നതു സംബന്ധിച്ച തീരുമാനം വിചാരണക്കോടതിക്കു വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഉപവാസം സംബന്ധിച്ചു മോഡി പ്രഖ്യാപനം നടത്തിയത്.

മോഡിയുടെ ഉപവാസത്തിനു ബദലായി ഗുജറാത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പഞ്ചനക്ഷത്ര ഉപവാസത്തിനു തെരുവില്‍ നിരാഹാരം അനുഷ്ഠിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. ഹിരണ്‍ പാണ്ഡ്യയുടെ വിധവ ജാഗ്രുതിയുടെ ഉപവാസത്തിന് അനുവാദം ലഭിക്കുമോ എന്ന് ഇത്‌വരെ വ്യക്തമല്ല.

ഇതിനിടെ തന്റെ തെറ്റുകള്‍ ചൂണ്ടികാട്ടിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വെള്ളിയാഴ്ച മോഡി തുറന്ന കത്തെഴുതി. കഴിഞ്ഞ പത്തുവര്‍ഷമായി എന്റെ തെറ്റുകളെല്ലാം ചൂണ്ടികാണിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും ഗുജറാത്തിലെ ഒരോ പൗരന്റെയും വേദന തന്റെയും വേദനയാണെന്നും തന്റെ രണ്ടാമത്തെ തുറന്ന കത്തില്‍ മോഡി പറയുന്നു.