എഡിറ്റര്‍
എഡിറ്റര്‍
മോഡിക്ക് വാരാണസി തന്നെ; ജോഷി കാണ്‍പൂരില്‍, ജെയ്റ്റിലി അമൃത്‌സറില്‍
എഡിറ്റര്‍
Sunday 16th March 2014 7:38am

modi-advani

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മത്സരിക്കും. ഇതോടെ വാരാണസി വേണമെന്ന മോഡി പക്ഷത്തിന്റെ പിടിവാശിയാണ് ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയെ മാറ്റിയാണ് നരേന്ദ്രമോഡി ഗുജറാത്തിലെ ഒരു സീറ്റിനു പുറമെ, യു.പിയിലെ വാരാണസിയിലും മത്സരിക്കുന്നത്. മുരളി മനോഹര്‍ ജോഷിയെ ഒരുവിധത്തില്‍ അനുനയിപ്പിച്ചാണ് മോഡി വാരാണസി സ്വന്തമാക്കിയത്. ജോഷി ഇത്തവണ കാണ്‍പൂരില്‍ നിന്നാണ് മത്സരിക്കുക.

ശനിയാഴ്ച രാത്രി ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സീറ്റ് സംബന്ധിച്ച തീരുമാനമുണ്ടായത്. 12 സംസ്ഥാനങ്ങളിലെ 98 സ്ഥാനാര്‍ത്ഥികളെ ഇന്നലെ നടന്ന യേഗത്തില്‍ തിരഞ്ഞെടുത്തു.

അഖിലേന്ത്യാ പ്രസിഡന്റ് രാജ്‌നാഥ്‌സിങ് ഗാസിയാബാദ് സീറ്റ് വിട്ട് കൂടുതല്‍ ജയസാധ്യതയുള്ള ലഖ്‌നോ മണ്ഡലത്തിലെത്തി. അതേസമയം, എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, സുഷമ സ്വരാജ് എന്നിവരെ ഒതുക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങള്‍ ബി.ജെ.പിയില്‍ ഉയര്‍ത്തിവിട്ട പോര് ബാക്കി നില്‍ക്കുകയാണ്.

കടുത്ത അഭിപ്രായ ഭിന്നത മൂലം രാത്രി ഏറെ വൈകിയാണ് ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാന്‍  പിന്നെയും സമയമെടുത്തു. യു.പിയില്‍നിന്ന് പരമാവധി സീറ്റു പിടിക്കാനുള്ള വഴിയെന്ന പേരിലാണ് ഗുജറാത്തിലെ ഒരു സീറ്റിനു പുറമെ, വാരാണസി ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ നരേന്ദ്രമോഡി താല്‍പര്യപ്പെട്ടത്.

അതേസമയം, ജോഷിയെ മാറ്റിയതുവഴി വാരാണസിയിലും യു.പിയിലാകത്തെന്നെയും നിര്‍ണായക സ്വാധീനമുള്ള ബ്രാഹ്മണ സമുദായം പിണങ്ങുമെന്ന പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്.

സുഷമ സ്വരാജിന് മധ്യപ്രദേശിലെ വിദിശ മണ്ഡലത്തില്‍ വീണ്ടും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിനൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലിയെ പഞ്ചാബിലെ അമൃത്‌സര്‍ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് മോഡിസംഘം പദ്ധതി തയാറാക്കിയത്. അമൃത്‌സറിലെ സിറ്റിങ് എം.പിയായ ക്രിക്കറ്റ് താരം നവജ്യോത്‌സിങ് സിദ്ദുവിനെ മാറ്റിയാണ് ജെയ്റ്റ്‌ലിക്ക് ഇവിടെ സീറ്റ് നല്‍കിയത്.

ജെയ്റ്റ്‌ലി ലോക്‌സഭയില്‍ എത്തിയാല്‍ സുഷമ സ്വരാജിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കും. ഇതു തിരിച്ചറിഞ്ഞ് മോഡിസംഘത്തിനെതിരെ മറുവഴിക്ക് സുഷമ ആക്രമണം ശക്തിപ്പെടുത്തി.

പഞ്ചാബില്‍ സിഖുകാരെ പിണക്കി ജെയ്റ്റ്‌ലിയെ മത്സരിപ്പിക്കാന്‍ കഴിയില്ല. പരിഹാരമായി സിദ്ദുവിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. മോഡിസംഘത്തിന് വേണ്ടപ്പെട്ട കര്‍ണാടകത്തിലെ ബി.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ബി. ശ്രീരാമലുവിനെ ബി.ജെ.പിയില്‍ ചേര്‍ക്കുന്നതിനും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതിനുമെതിരെ തുറന്നടിച്ചുകൊണ്ടാണ് സുഷമ പ്രതികരിച്ചത്.

തൊട്ടുപിന്നാലെ സുഷമക്കെതിരെ അരുണ്‍ജെയ്റ്റ്‌ലിയും രംഗത്തത്തെി. തന്റെ എതിര്‍പ്പു വകവെക്കാതെയാണ് ശ്രീരാമലുവിനെ ബി.ജെ.പിയില്‍ എടുത്തതെന്നാണ് കഴിഞ്ഞ ദിവസം സുഷമ സ്വരാജ് പറഞ്ഞത്. ബെല്ലാരി ലോക്‌സഭ സീറ്റില്‍ ശ്രീരാമലു ഇക്കുറി മത്സരിച്ചേക്കും.

ഖനന വിവാദത്തില്‍ പെട്ട ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരുടെ ഉറ്റമിത്രമാണ് ശ്രീരാമലു. ഇതിലൊരാളായ മുന്‍കര്‍ണാടക മന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡി രണ്ടര വര്‍ഷം ജയിലിലായിരുന്നു. എല്‍.കെ. അദ്വാനിയെ ഗുജറാത്തിലെ പതിവു മണ്ഡലമായ ഗാന്ധിനഗറില്‍ നിന്ന് മാറ്റാന്‍ ചരടുവലിക്കുന്ന മോഡിസംഘം, ഭോപ്പാല്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാനാണ് ഒരുങ്ങുന്നത്.

ഗുജറാത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് സമിതിയുടെ പരിഗണനയ്ക്ക് വരിക. മോഡി ഗുജറാത്തില്‍ നിന്നും മത്സരരംഗത്തുണ്ടാകുമോ, എല്‍.കെ അദ്വാനിക്ക് സീറ്റ് ലഭിക്കുമോ എന്നിവയെല്ലാം അന്ന് വ്യക്തമാകും.

Advertisement