അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തില്‍ യാത്ര നടത്തുന്നു. വിവേകാനന്ദ യുവ വികാസ് യാത്രയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 11ന് ആരംഭിക്കുന്ന യാത്ര ഒരുമാസം നീളും.

150 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ചത് സെപ്റ്റംബര്‍ 11നായിരുന്നു. അതിന്റെ ഓര്‍മ പുതുക്കിക്കൊണ്ടാണ് യാത്രയ്ക്ക് വിവേകാനന്ദ യുവ വികാസ് യാത്രയെന്ന് പേരിട്ടിരിക്കുന്നത്.

Ads By Google

വടക്കന്‍ ഗുജറാത്തിലെ ബെച്ചരാജി ക്ഷേത്രനഗരത്തില്‍ വെച്ചാണ് യാത്ര ആരംഭിക്കുക. മുന്‍ ബിജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി വക്താവ് വിജയ് രുപാനി അറിയിച്ചു.

മാരുതി പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ പോകുന്നത് ബെച്ചാരിക്കടുത്താണ്. അതുകൊണ്ടാണ് യാത്ര ഇവിടെ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ചത്. ഗുജറാത്തില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള വികസനങ്ങള്‍ക്കാവും യാത്രയില്‍ ഊന്നല്‍ നല്‍കുക.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക.