തിരുവനന്തപുരം: കവിയൂര്‍ കേസില്‍ അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരി തന്നെയാണെന്ന് സി.ബി.ഐ. ഇന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അനഘ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹപാഠി രമ്യ രാജനോട് അച്ഛന്‍ അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് പറഞ്ഞിരുന്നതായി സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ലതാനായരെ പ്രതിയാക്കിയായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ടി.പി നന്ദകുമാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി തുടരന്വഷണത്തിന് ഉത്തരവിട്ടത്. ആത്മഹത്യക്ക് മറ്റ് കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us:

മരിക്കുന്നതിന് 72 മണിക്കൂറിന് മുമ്പും 24 മണിക്കൂറിന് മുമ്പും അനഘ പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലതാനായരെ ഒന്നാം പ്രതിയാക്കിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ തന്നെ അനഘയുടെ പിതാവിനെതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നുവെങ്കിലും പ്രതിയാക്കിയിരുന്നില്ല. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയായ ലതാനായര്‍ കേസില്‍ രക്ഷപ്പെടുമെന്ന് വിദഗ്‌ധോപദേശം ലഭിച്ച സാഹചര്യത്തിലായിരുന്നു സി.ബി.ഐ നടപടിയെന്നാണ് വിവരം.

എന്നാല്‍ പിന്നീട് അനഘയുടെ ശരീരത്തില്‍ കണ്ട പുരുഷ ബീജം ആരുടെതെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു. ഇതെ തുടര്‍ന്നാണ് പുനരന്വേഷണത്തിന്റെ സാഹചര്യമുണ്ടായത്. അനഘ മരിച്ചതിന് പിന്നാലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ ബസന്തിന് ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാരിയെന്ന പെണ്‍കുട്ടി കത്തയച്ചിരുന്നു. ശ്രീകുമാരിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇത് അനഘയുടെ അടുത്ത സുഹൃത്തായിരുന്ന രമ്യരാജനാണെന്ന് സി.ബി.ഐക്ക് ബോധ്യമായത്.

2004 നവംബര്‍ 28നാണ് അനഘയും കുടുംബവും വീട്ടില്‍ അത്മഹത്യ ചെയ്ത നലയില്‍ കണ്ടത്. കേസിലെ പ്രതിയും പെണ്‍വാണിഭക്കേസിലെ പ്രധാന കണ്ണിയുമായ ലതാനായര്‍ അനഘയുടെ വീട്ടില്‍ ഇടക്കിടെ വന്ന് താമസിച്ചിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
കവിയൂര്‍ കേസിലെ സി.ബി.ഐയുടെ പുനരന്വേഷണ റിപ്പോര്‍ട്ട് തള്ളക്കളയുന്നെന്ന് അന്വേഷി പ്രസിഡന്റ് അജിത ഡൂള്‍ന്യൂസിനോട് പറഞ്ഞു. ലതാനായരെയും അവര്‍ക്ക് പിന്നിലുള്ള റാക്കറ്റിനെയും രക്ഷപ്പെടുത്താനാണ് സി.ബി.ഐ ശ്രമിക്കുന്നത്. മരിച്ചുപോയ മനുഷ്യനെ പറ്റിയാണ് ഇവര്‍പറഞ്ഞിരിക്കുന്നത്. എനിക്കീ റിപ്പോര്‍ട്ടില്‍ സത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അജിത പറഞ്ഞു.

Malayalam news

Kerala news in English