ന്യൂദല്‍ഹി: കൈക്കൂലി നല്‍കുന്നത് നിയമവിധേയമാക്കണമെന്ന് ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തി. രാജ്യത്തെ അഴിമതി വലിയൊരളവോളം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈക്കൂലി നല്‍കുന്നതു നിയമവിധേയമാക്കിയാല്‍, തങ്ങള്‍ നല്‍കിയ കൈക്കൂലിയെക്കുറിച്ച് വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ മടികാണിക്കില്ല. എന്നാല്‍ കൈക്കൂലി വാങ്ങുന്നത് നിയമവിരുദ്ധമാക്കണം. അഴിമതിക്കാരെ പുറത്തുകൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്കൂലി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസു മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെ താന്‍ അനുകൂലിക്കുന്നു. ഇത്തരമൊരു നിയമപരിരക്ഷ ലഭിച്ചാല്‍ അഴിമതിക്കാരെ ചൂണ്ടിക്കാട്ടാന്‍ പൊതുജനം സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കൗശിക് ബസുവിന്റെയും നാരായണമൂര്‍ത്തിയുടെയും പ്രസ്താവനകള്‍ ഇതിനോടകം ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.