തൃശൂര്‍: മണി ചെയിന്‍ തട്ടിപ്പില്‍ ആന്ധ്രാ പ്രദേശില്‍ അറസ്റ്റിലായ നാനോ എക്‌സല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഹാരിഷ് ബാബു മദിനേനിയെ 29 വരെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ ദിവസം നാനോ എക്‌സല്‍ കമ്പനിയുടെ അക്കൗണ്ടന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്ധ്രാ പോലീസ് മദിനേനിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കോടതി മദിനേനിയെ പത്തു ദിവസത്തേക്ക് ആന്ധ്രാ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയായിരുന്നു. പ്രൈസ് ചിട്ടീസ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം ബാനിംഗ് ആക്ടിലെ ആറാം വകുപ്പനുസരിച്ച് കേരള പോലീസും മദിനേനിക്കെതിരെ കേസെടുത്തിരുന്നു. കേരളത്തില്‍ മുന്നൂറോളം കേസുകളാണ് മദിനേനിക്കെതിരേയുള്ളത്.
തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള വാറന്റ് സഹിതമാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് മദിനേനിയെ കേരളത്തിലേക്ക കൊണ്ടുവരാനും ചോദ്യം ചെയ്യുന്നതിനും വിട്ടു നല്‍കിയിരിക്കുന്നത്.