ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും അനുവദിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ പാക്കിസ്ഥാനിലെ റോഡിലൂടെ കുതിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലെ ചില നിബന്ധനകളാണ് നാനോയ്ക്ക് മുമ്പില്‍ തടസമായി നില്‍ക്കുന്നത്.

ഇന്ത്യയിലെ വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പില്‍ നിന്നും നാനോ കാറും സി.എന്‍.ജി ബസ്സുകളും പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യാന്‍ അവിടത്തെ ബഹുരാഷ്ട്ര കമ്പനികള്‍ താല്‍പര്യമറിയിച്ചു കഴിഞ്ഞു.’ടാറ്റയുടെ സി.എന്‍.ജി. ബസ്സുകള്‍ ഇറക്കുമതി ചെയ്യാന്‍ ഞങ്ങള്‍ ധാരണയിലെത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര നയത്തിലെ നിബന്ധനകള്‍ നീക്കം ചെയ്യുകയാണെങ്കില്‍ നാനോകാര്‍ ഞങ്ങള്‍ പാക്കിസ്ഥാനില്‍ കൊണ്ടുവരും’; ഐ.എം.ജി.സിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ അംജത്ത് റഷീദ് പറഞ്ഞു.

സി.എന്‍.ജി ബസ്സുകള്‍ ഇറക്കാനുള്ള ഐ.എം.ജി.സിയുടെ പദ്ധതി ഇരു രാജ്യങ്ങളുടേയും നയപരമായ വ്യത്യാസം കാരണം നീണ്ടുപോകുകയാണ്. അതേ സമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയങ്ങളും അനുവദിക്കുന്നില്ല.