കൊച്ചി: മലയാളത്തെ സംബന്ധിച്ചിടത്തോളം നന്ദിത ദാസ് പുതുമുഖമല്ല. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റ്റീസ് പെര്‍മിയന്റെ പുതിയ ചിത്രത്തിലാണ് നന്ദിത വീണ്ടും മലയാളത്തിലേക്കെത്തുന്നത്. തമിഴിലെ സൊനാര്‍ ആണ് ചിത്രത്തില്‍ നന്ദിതയ്‌ക്കൊപ്പമെത്തുന്നത്.

സ്ത്രീകേന്ദ്രീകൃത സിനിമയായ മിലിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ സ്ത്രീയായിട്ടാണ് നന്ദിതയെത്തുന്നത്. സാമൂഹ്യപ്രവര്‍ത്തകയായ സുഹൃത്തിന്റെ സഹായത്താല്‍ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന നായികയെ സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.

സിനിമയുടെ ആദ്യഷെഡ്യൂള്‍ കേരളത്തിലാണ് ചിത്രീകരിച്ചത്. വിവാദങ്ങളുടെമാത്രം ലോകമായ സിനിമാലോകത്ത് ഈ ചിത്രത്തിനെസംബന്ധിച്ചും വിവാദമുണ്ടായി . നന്ദിതയും അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളുംതമ്മില്‍ ഒരു സീനില്‍ ധരിക്കേണ്ട വസ്ത്രത്തെച്ചൊല്ലി അഭിപ്രായഭിന്നതയുണ്ടായിരുന്നു. ശരീരം പ്രദര്‍ശിപ്പിക്കേണ്ടിവരുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം.സീനില്‍ ധരിക്കേണ്ട വസ്ത്രവുമായി നന്ദിത എത്താത്തതിനെത്തുടര്‍ന്ന് ഡയറക്ടര്‍ പകരം മറ്റൊരു വസ്ത്രംനല്‍കിയത് തന്നെ അപമാനിച്ചതിനു തുല്ല്യമാണെന്നു പറഞ്ഞായിരുന്നു വാക്ക്തര്‍ക്കം.സംഭവത്തെത്തുടര്‍ന്ന് നന്ദിത ചിത്രീകരണസ്ഥലത്തുനിന്നും പോവുകയുണ്ടായി. ചിത്രീകരണംമുടങ്ങിയതിനെത്തുടര്‍ന്ന് നന്ദിതയുമായി സന്ധിസംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അടൂരിന്റെ ‘നാലു പെണ്ണുങ്ങള്‍’ എന്ന ചിത്രത്തിനുശേഷം നന്ദിത അഭിനയിക്കുന്ന മലയാളചിത്രമാണ് മിലി. സന്തോഷ് ശിവന്റെ ‘ബിഫോര്‍ ദി റെയിന്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കടുത്ത വിമര്‍ശനങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായിരുന്നു.