കോഴിക്കോട്: വിവാദ വ്യവഹാരി നന്ദകുമാറുമായി വി.എസ് അച്യുതാനന്ദന്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വാര്‍ത്ത അവിശ്വസനീയമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാവിലെ ആറുമണിയോടെ നടത്തിയ കൂടിക്കാഴ്ച ദുരൂഹതയുണ്ടാക്കുന്നതാണ്. നന്ദകുമാറിനെതിരെ പല ആരോപണങ്ങളും മുന്‍പ് ഉണ്ടായിരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് ആലുവ ഗസ്റ്റ് ഹൗസില്‍ നന്ദകുമാര്‍ വി.എസ് അച്യുതാനന്ദനെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. വി.എസിന്റെ ഭരണകാലത്ത് സ്റ്റേറ്റ് ഡാറ്റ സെന്റര്‍ റിലയന്‍സിന് കുറഞ്ഞ തുകയ്ക്ക് കൈമാറിയതിന് പിന്നില്‍ നന്ദകുമാറാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ നന്ദകുമാര്‍ തയ്യാറായിരുന്നില്ല.