എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ ബി.ജെ.പി വിമതര്‍ നമോ വിചാര്‍ മഞ്ച് രൂപീകരിച്ചു
എഡിറ്റര്‍
Wednesday 27th November 2013 6:50am

bjp

കണ്ണൂര്‍: കണ്ണൂരിലെ ബി.ജെ.പി വിമതര്‍ ചേര്‍ന്ന് ബദല്‍ സംഘടനയായി നമോ വിചാര്‍ മഞ്ച് രൂപീകരിച്ചു.

ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ ഒ.കെ വാസു മാസ്റ്ററുടെ നേതൃത്വത്തിലാണ് നമോ വിചാര്‍ മഞ്ച് രൂപീകരിച്ചത്.

ഇതോടെ മാസങ്ങളായി കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ തുടരുന്ന വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

ആരോപണ വിധേയനായ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിതിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ജില്ലാ കമ്മറ്റിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

അഭിപ്രായ തര്‍ക്കം രൂക്ഷമായതോടെ രഞ്ജിത് വിരുദ്ധ പക്ഷം ബി.ജെ.പി സംസ്ഥാന- ദേശീയ നേതൃത്വത്തിന് പരാതി നല്‍തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഒന്നും തന്നെയുണ്ടായില്ല.

ഇതിനെ തുടര്‍ന്നാണ് വിഭാഗീയത രൂക്ഷമായതും ഇപ്പോള്‍ സമാന്തര സംഘടനയായി നമോ വിചാര്‍ മഞ്ച് രൂപീകരിച്ചതും.

ബി.ജെ.പി വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം നേതാക്കള്‍ നേരത്തേ രംഗത്ത് വന്നതും വലിയ വാര്‍ത്തയായിരുന്നു.

കണ്ണൂരില്‍ വിമതര്‍ നടത്തിയ കണ്‍വെന്‍ഷനിലാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടായത്. ബി.ജെ.പിയുടെ മുതിര്‍ന്ന ദേശീയ നേതാവ് നരേന്ദ്ര മോഡിയെ നേതാവായി അവതരിപ്പിച്ചാണ് നമോ വിചാര്‍ മഞ്ച് രൂപീകരിച്ചിരിക്കുന്നത്.

പാര്‍ട്ടിയിലെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ആക്രമിച്ചില്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും  ജില്ലയിലെങ്ങും നമോവിചാര്‍മഞ്ച് പൊതുയോഗം സംഘടിപ്പിച്ച് സത്യാവസ്ഥ ജനങ്ങളോട് വിളിച്ചുപറയുമെന്നും  ഒ.കെ വാസു കണ്‍വെന്‍ഷനില്‍ പറഞ്ഞു.

ചില ആര്‍.എസ്.എസ്. തീവ്രവാദികളുടെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല. നമോ വിചാര്‍ മഞ്ചിന്റെ കണ്‍വെന്‍ഷന്‍ ഇല്ലാതാക്കാന്‍ കുറേ ശ്രമങ്ങളുണ്ടായി,

പ്രാദേശികതലത്തില്‍ ഭീഷണിയും കൈയേറ്റവും നടത്തി. ജില്ലാപ്രസിഡന്റിനെ സംരക്ഷിക്കാന്‍ എല്ലാ പ്രവര്‍ത്തകരെയും ബലികൊടുക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നത് ഈ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ അനുവദിക്കില്ല,

ആത്മാഭിമാനമുള്ളവര്‍ക്ക് അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. തെറ്റായ നേതൃത്വത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവാത്തതിനാലാണ് മറ്റൊരു സംഘടനയുണ്ടാക്കിയത്. ഈ സംഘടന ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല- ഒ.കെ.വാസു കൂട്ടിച്ചേര്‍ത്തു.

Advertisement