കൊച്ചി: നടന്‍ ദിലിപിന്റേയും ഭാര്യയും നടിയുമായ കാവ്യയുടേയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ദിലീപ് ഷോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്നതായിരുന്നു ദിലീപ് ഷോയുടെ പ്രത്യേകത. അതോടൊപ്പം വിവാദവും ഉണ്ടായിരുന്നു.

അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി വഴക്കിലാണെന്നായിരുന്നു പ്രധാന കരക്കമ്പി. ഇപ്പോഴിതാ തനിക്കെതിരായ അഭ്യൂഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും മറുപടിയുമായി നമിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നമിതയുടെ ഫെയ്സ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് നമിതയുടെ കുറിക്കു കൊള്ളുന്ന മറുപടി.


Also Read: കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം വലിഞ്ഞുകയറി കുമ്മനം; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത്


ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്ന് എഴുതിപ്പിടിപ്പിച്ചു. നമിതയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങിയതോടെയാണ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്.

‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. കുടുംബം എന്നൊരു വലിയ വികാരമുണ്ട്. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. പക്വതയോടെ പെരുമാറിക്കൂടെ.’ ഇതായിരുന്നു നമിതയുടെ മറുപടി.