ചെന്നൈ: തിരിച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് നടി നമിതയെ തട്ടിക്കൊണ്ടുപോകാന്‍ ആരാധകന്റെ വിഫലശ്രമം. നടിയെ കാറില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച ആരാധകന്‍ പെരിയസ്വാമിയാണ് പോലീസിന്റെ പിടിയിലായത്.

ചലച്ചിത്ര നടന്‍ എസ്. എസ്. രാജേന്ദ്രനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് നമിത തിരിച്ചിറപ്പള്ളിയിലേക്ക് പോയത്. നമിതയും മാനേജര്‍ ജോണും വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഡ്രൈവറുടെ വേഷത്തിലെത്തിയ പെരിയസ്വാമി നമിതയെ കരൂരിലേക്ക് കൊണ്ടുപോകാനായി സംഘാടകര്‍ അയച്ചതാണെന്ന് പറഞ്ഞ് നമിതയെ കാറില്‍ കയറ്റുകയായിരുന്നു.

നമിതയെ കയറ്റി ഒരുകാര്‍ വിമാനത്താവളത്തില്‍ നിന്നും പോയെന്നറിഞ്ഞ യഥാര്‍ത്ഥ ഡ്രൈവര്‍ പിന്‍തുടരുകയായിരുന്നു. തുടര്‍ന്ന് നമിത യാത്ര ചെയ്യുന്ന കാര്‍ തടഞ്ഞ് പെരിയസ്വാമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നമിതയോടുള്ള കടുത്ത ആരാധനകാരണമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പെരയസ്വാമി പറഞ്ഞത്.