തിരുവനന്തപുരം: വിശ്വമലയാള സമ്മേളനക്കാര്‍ മുഖ്യപ്രഭാഷകനായി അച്ചടിച്ചത് അന്തരിച്ച കവിയുടെ പേര്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് കനകക്കുന്നില്‍ നടക്കുന്ന ‘കേരളീയ ദളിത ജീവിതം കാലങ്ങളിലൂടെ’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായി ചേര്‍ത്തിരിക്കുന്ന പേര് ദളിത് കവിയായ സണ്ണി കവിക്കാടിന്റേത്. പക്ഷെ ഇദ്ദേഹം മെയ് 14 ന് അന്തരിച്ച വ്യക്തിയാണ്.

Ads By Google

എന്നാല്‍ സംഘാടകര്‍ യഥാര്‍ഥത്തില്‍ ക്ഷണിച്ചത് ദളിത് ചിന്തകനായ സണ്ണി എം. കപിക്കാടിനെയാണ്. പേരുവെച്ചത് സണ്ണി കവിക്കാടെന്നും.

എന്നാല്‍ ഇരുവരുടേയും പേരുകള്‍ തമ്മില്‍ മാറിപ്പോകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2011 ലെ ഹേ ഫെസ്റ്റിവലില്‍ സണ്ണി കവിക്കാടിനെ ക്ഷണിച്ചിരുന്നു.

എന്നാല്‍ ബ്രോഷറില്‍ അച്ചടിച്ചത് സണ്ണി എം. കപിക്കാടിന്റെ ചിത്രം. മരണത്തിന് തൊട്ടുമുമ്പ് എഴുതിയ കുറിപ്പില്‍ അപരനാവുന്നതിന്റെ വേദന പങ്കിട്ട് സണ്ണി കവിക്കാട് തന്നെ ഇക്കാര്യം എഴുതിയിരുന്നു.

തന്നെ മലയാള സമ്മേളന സംഘാടകര്‍ സെമിനാറിന് ക്ഷണിച്ചതായി സണ്ണി എം. കപിക്കാട് പറഞ്ഞു. എന്നാല്‍ തന്റെ പേര് പ്രോഗ്രാം നോട്ടീസില്‍ തെറ്റിച്ചാണ് അച്ചടിച്ചത്.

ഇത് സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീഴ്ചയെത്തുടര്‍ന്ന് വിശ്രമിക്കുന്നതിനാല്‍ സമ്മേളനത്തിന് എത്താനാവില്ലെന്ന് സംഘാടകരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം ചരിത്ര നോവലിസ്റ്റ് സി.വി രാമന്‍ പിള്ളയുടെ പ്രതിമയ്ക്ക് പകരം ശാസ്ത്രജ്ഞനായ സി.വി രാമന്റെ പ്രതിമ സ്ഥാപിച്ച സംഭവം വിവാദമായിരുന്നു.

സി.വി രാമന്‍ പിള്ളയ്ക്ക് പകരം സെക്രട്ടറിയേറ്റിന് മുമ്പില്‍ സ്ഥാപിച്ച പ്രതിമ ഊര്‍ജ തന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ സി.വി രാമന്റേതായിരുന്നു. പ്രതിമയ്‌ക്കൊപ്പം നല്‍കിയ പേരും വിവരങ്ങളും സി.വി രാമന്‍പിള്ളയുടേയും.

ഈ വാര്‍ത്ത പുറത്തു വന്നതോടെ പ്രതിമ അര്‍ദ്ധരാത്രിയോടെ നീക്കം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെ ബോര്‍ഡു വച്ച വാഹനത്തിലെത്തിയവരാണ് പ്രതിമ നീക്കം ചെയ്തത്.

മലയാള ഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ബഞ്ചമിന്‍ ബെയ്‌ലിയെ മതപരിവര്‍ത്തകനെന്ന് വിശേഷിപ്പിച്ചതും വിവാദമായിട്ടുണ്ട്.പാളയത്ത് സ്ഥാപിച്ച ബഞ്ചമിന്‍ ബെയ്‌ലിയുടെ പ്രതിമയ്ക്ക് നല്‍കിയ വിവരണത്തില്‍ 34 വര്‍ഷം കേരളത്തില്‍ മരപരിവര്‍ത്തനവും, ഭാഷാസേവനവും നടത്തിയ ആളെന്നാണ് ബഞ്ചമിന്‍ ബെയ്‌ലിയെ വിശേഷിപ്പിച്ചിട്ടുള്ളത്.