എഡിറ്റര്‍
എഡിറ്റര്‍
നാല്‍പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ്
എഡിറ്റര്‍
Saturday 26th January 2013 8:44am

തിരുവനന്തപുരം: കണ്ണൂരിലെ നാല്‍പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ നിലപാട്. വിചാരണ പൂര്‍ത്തിയാക്കി ഹൈക്കോടതി അപ്പീലും തള്ളിയ കേസില്‍ വീണ്ടും അന്വേഷണം ആവില്ലെന്നും പഴയ കേസിലെ പ്രതികളെ ഇനി പ്രതികളാക്കാന്‍ കഴിയില്ലെന്നും ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു.

Ads By Google

ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് വകുപ്പിന്റെ നിഗമനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ രാജന്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം.

കെ.സുധാകരന്‍ എം.പി അടക്കം കോടതി വെറുതെ വിട്ട പ്രതികളെ ചേര്‍ത്ത് വീണ്ടും കേസ് അന്വേഷിക്കണമെന്നായിരുന്നു നാല്‍പ്പാടി വാസുവിന്റെ സഹോദരന്‍ രാജന്റെ ആവശ്യം.

എന്നാല്‍ പുതിയ തെളിവോ പുതിയ മൊഴിയോ ഇല്ലാതെ അന്വേഷിക്കാന്‍ കഴിയില്ലെന്നാണ് നിയമോപദേശം. വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ അപ്പീല്‍ തള്ളി. പിന്നീട് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തിരുന്നില്ല.

നാല്‍പ്പാടി വാസു വധക്കേസില്‍ കെ. സുധാകരന്‍ എം.പിക്ക് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചിരുന്നു.

വാസു വധക്കേസില്‍ ആദ്യം നടന്ന അന്വേഷണത്തില്‍ കെ. സുധാകരന്‍ പ്രതിയായിരുന്നില്ല. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1998 ല്‍ നടത്തിയ അന്വേഷണത്തില്‍ കെ. സുധാകരനെ പ്രതിയാക്കി.

എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ സുധാകരനെ തലശേരി കോടതി വെറുതെ വിടുകയായിരുന്നു. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതിയും തളളി. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം നടത്തുന്നതില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ ആഭ്യന്തര വകുപ്പ് എത്തിയത്.

Advertisement