ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ഭര്‍ത്താവ് മുരുകനെ ജയിലില്‍ സന്ദര്‍ശിച്ചു. രാജീവ് വധക്കേസില്‍ മുരുകന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരുപത് വര്‍ഷമായി തടവു ശിക്ഷ അനുഭവിക്കുകയാണ് നളിനി.

മറ്റു രണ്ട് പേരോടൊപ്പം 1999ലാണ് മുരുകനെയും നളിനിയെയും സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജീവിന്റെ ഭാര്യയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയായിരുന്നു.

തന്റെ സുരക്ഷയിന്മേലുള്ള നളിനിയുടെ പരാതിയിന്മേല്‍ നളിനിയെ മുന്‍പ് ചെന്നൈയില്‍ നിന്നും അതീവ സുരക്ഷയുള്ള വെല്ലൂരിലേക്ക് മാറ്റിയിരുന്നു. ഈ മാസം ഏഴിന് നളിനിയെ വീണ്ടും ചെന്നൈയിലെ പുഴല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

20 വര്‍ഷത്തിനു ശേഷം ദയാഹര്‍ജി തളളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ മുരുകന്‍, സന്താന്‍, പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ പ്രതികളുടെ വധശിക്ഷ എട്ട് ആഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.