ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന നളിനി ജയില്‍ മോചനത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. തന്നെ മോചിപ്പിക്കില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ നളിനി അഭിഭാഷകനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം നളിനിയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

ജയില്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് നളിനിയുടെ മോചനത്തിനെതിരായ നിലപാട് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നളിനിയുടെ മോചനം സംബന്ധിച്ചു പഠിക്കുന്ന ജയില്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ജീവപര്യന്തം ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടി തന്റെ അപേക്ഷ പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്ന നളിനിയുടെ അഭ്യര്‍ഥനെയെ തുടര്‍ന്നായിരുന്നു ജയില്‍ ഉപദേശക സമിതി രൂപികരിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.
2008 സെപ്റ്റംബറിലായിരുന്നു കോടതി ഉത്തരവ്.

Subscribe Us: