ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് ജയില്‍ മോചിതയാകാന്‍ വഴിതുറക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ഉപദേശക സമിതി നളിനിയുടെ മോചനത്തിനായി ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ റിപ്പോര്‍ട്ട്. എന്നാല്‍ നീക്കത്തോട് കോണ്‍ഗ്രസിന് അുകൂലമായ നിലപാടല്ല ഉള്ളതെന്നാണ് സൂചന.

വെല്ലൂര്‍ ജില്ലാ കലക്‌റുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി കഴിഞ്ഞദിവസം ജയിലില്‍ നളിനിയെ കണ്ടിരുന്നു. 19 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുകയാണ് നളിനി. നളിനിയുടെ ജയില്‍ മോചനത്തില്‍ അനുകൂലമായുള്ള റിപ്പോര്‍ട്ടാണ് സമിതി തയറാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേരുന്നുണ്ട്.

കേസില്‍ നളിനിക്കു വധശിക്ഷ വിധിക്കപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ക്കു നല്‍കിയ ദയാഹരജി അനുവദിക്കപ്പെട്ടതോടെ 2000 ല്‍ ശിക്ഷ ജീവപര്യന്തമായി ഇളവു ലഭിക്കുകയായിരുന്നു. ജീവപര്യന്തം തടവായി ശിക്ഷ ലഘൂകരിച്ചിട്ടും 19 വര്‍ഷം തടവില്‍ കിടന്നുവെന്നതും നളിനിക്ക് ഒരു പെണ്‍കുട്ടി ഉളളതും ഭര്‍ത്താവ് ജയിലിലാണെന്നതും പരിഗണിച്ചാണ് സമിതിയുടെ റിപ്പോര്‍ട്ടെന്നാണ് സൂചന.