ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട് നളിനി നല്‍കിയ അപേക്ഷയില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കരിനോട് നിര്‍ദേശിച്ചിരുന്നു. ഇതെതുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള തീരുമാനം ഹൈക്കോടതിയെ അറിയിച്ചത്. ജയില്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.

നളിനിയുടെ ജയില്‍ വിമോചന അപേക്ഷ പരിഗണിക്കുന്നതിനായി ഉപദേശകസമിതി രൂപീകരിക്കാന്‍ 2008 സെപ്റ്റംബറിലാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. 19
വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവനുഭവിക്കുന്ന നളിനി, തന്നെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ച് 2008 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജീവപര്യന്തം ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയെന്നായിരുന്നുവാദം. തന്റെ അപേക്ഷ പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്ന നളിനിയുടെ അഭ്യര്‍ഥന കോടതി സ്വീകരിച്ചു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വെല്ലൂര്‍ കലക്ടറുടെ നേതൃത്വത്തില്‍ ഉപദേശക സമിതി രൂപീകരിച്ചത്. അതിനെതിരെയാണു സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്.

Subscribe Us: