ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി ഇറ്റലി.

ഇറ്റാലിയന്‍ വിദേശ കാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തൂരയാണ് ഇക്കാര്യം അറിയിച്ചത്. ആ ഒരു ഉറപ്പിന്റെ മേലാണ് നാവികരെ ഇന്ത്യയിലേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ ഉറപ്പ് നിയമത്തെയും കോടതിയെ ധിക്കരിക്കുകയാണെന്ന് വിദേശകാര്യ വിദഗ്ധന്‍ നൈനാം കോശി പറഞ്ഞു. വിചാരണ തുടങ്ങുന്നതിന് മുന്‍പ് ഇന്നതാണ് കോടതി വിധി എന്ന് പറയുന്നതില്‍ അപാകതയുണ്ട്.

ഈ ഒരു കേസില്‍ വധശിക്ഷ നല്‍കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും വിചാരണപോലും തുടങ്ങുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാരിന് അത്തരമൊരു ഉറപ്പ് നല്‍കാന്‍ അധികാരമില്ല.

വിഷയത്തില്‍ ഇറ്റലിയും ഇന്ത്യയും തമ്മില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. ആ ഒരുകൂടിയാലോചനകളുടെ ഭാഗമായിട്ടാണ് നാവികരെ തിരിച്ചെത്തിക്കാമെന്ന് ഇറ്റലിയും സമ്മതിച്ചത്. എന്നിരിക്കിലും കേന്ദ്രസര്‍ക്കാരിന്റെ ഈ ഒരു ഉറപ്പിന് യാതൊരു തരത്തിലുള്ള നിമയസാധുതയും കല്‍പ്പിക്കാന്‍ കഴിയില്ല നൈനാന്‍ കോശി പറഞ്ഞു.

അതേസമയം രണ്ട് ഇറ്റാലിയന്‍ നാവികരും ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന്   പ്രത്യേക സൈനിക വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്.

ഉച്ചയോടെ ദല്‍ഹിയിലെത്തും. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുരയും നാവികര്‍ക്കൊപ്പമുണ്ട്. മറീനുകളെ തിരികെയെത്തിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊടുന്നനെ നിലപാട് മാറ്റി മറീനുകളെ തിരിച്ചെത്തിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇറ്റാലിയന്‍   നാവികരായ ലസ്‌തോറെ മാസി മിലിയാനോയെയും സാല്‍വത്തോറെ ജിറോണിനെയും വിചാരണയ്ക്കായി ഇന്ത്യയില്‍ തിരികെ എത്തിക്കാമെന്ന് ഔദ്യോഗിക പ്രസ്താവനയിലാണ് ഇറ്റലി അറിയിച്ചത്.

വിചാരണവേളയില്‍ മറീനുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി കഴിഞ്ഞമാസം ഇറ്റലിയിലേക്ക് പോയ മറീനുകളെ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്.