എസ്സേയ്‌സ്/നസീബ ഹംസ


ഇന്ന് നാഗസാക്കി ദിനം. അണുബോംബ് എന്ന മാരകായുധത്തെ അമേരിക്ക ലോകത്തിന് പരിചയപ്പെടുത്തിയിട്ട് ഇന്നേക്ക് 67വര്‍ഷം.

Ads By Google

1945 ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പ്രയോഗിക്കുന്നത്. ഏതാണ്ട് 90,000-166,000 പേര്‍ ഹിരോഷിമയിലും 60,000-80,000 പേര്‍ നാഗസാക്കിയിലുമായി കൊല്ലപ്പെട്ടു.

ആഗ്‌സ്റ്റ് 6 ന് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് നാഗസാക്കിയിലുമായി വര്‍ഷിച്ച അണുബോംബില്‍ നിമിഷ നേരം കൊണ്ട് എരിഞ്ഞുതീര്‍ന്നത് പതിനായിരങ്ങളാണ്. സ്‌ഫോടനത്തെ അതിജീവിച്ചെന്ന് ആശ്വസിച്ചവരും രക്ഷപ്പെട്ടില്ല. അധികം വൈകാതെ അവരും മരിച്ചുവീണു. 67 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ദുരന്തത്തിന്റെ ഫലം അനുഭവിക്കുന്നവരാണ് ഇന്നും ഹിരോഷിമയിലേയും നാഗസാക്കിയിലേയും നിവാസികള്‍.

അമേരിക്കന്‍ പോര്‍വിമാനമായ എനോളെഗെ ‘ലിറ്റില്‍ ബോയ’ എന്ന പേരില്‍ ഹിരോഷിമക്ക് മേല്‍ അണുബോംബ് വര്‍ഷിക്കുന്നത് 1945 ആഗസ്റ്റ് 6ന്. 4400 കിലോഗ്രാം ഭാരമുള്ള ‘ലിറ്റില്‍ ബോയ്’ നിമിഷനേരം കൊണ്ട് ചാമ്പലാക്കിയത് ഒരു നഗരത്തെയാണ്. സ്‌ഫോടനത്തിന് ശേഷം 7200 ഡിഗ്രി ഫാര്‍ന്‍ ഹീറ്റിലേക്കാണ് അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നത്. പൊള്ളുന്ന ചൂടില്‍ വെന്തുമരിക്കാനായിരുന്നു നിരപരാധികളായ ജപ്പാന്‍ ജനതയുടെ വിധി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പേ എല്ലാം അവസാനിച്ചു. ചൂട് സഹിക്കാനാവാതെ പട്ടണത്തിലൂടെ ഒഴുകിയ ഓഹിയോ നദിയിലേക്ക് എടുത്തുചാടിയവര്‍ വെള്ളത്തില്‍ വെന്തുമരിച്ചു!

ഹിരോഷിമയില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറമുള്ളവര്‍ വരെ ചൂടില്‍ കത്തിക്കരിഞ്ഞിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് തല്‍ക്ഷണം വെന്തുമരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു.

ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന് ശേഷം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ പറഞ്ഞത്, ‘ ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ എന്നാണ്.

തുടര്‍ന്ന് അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ജപ്പാന്‍ ചക്രവര്‍ത്തിയായ ഹിരോഹിതോ തയ്യാറാവുകയായരുന്നു. കീഴടങ്ങുന്നതിനായി ജപ്പാന്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ പലതും അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന അമേരിക്ക ജപ്പാനിലെ മറ്റൊരു നഗരമായ നാഗസാക്കിയിലും ബോംബിടാന്‍ തീരുമാനിക്കുകയായിരുന്നു.

ആഗ്‌സ്റ്റ് 9 ന് ഹിരോഷിമ കത്തിയെരിഞ്ഞതിന് മൂന്ന് നാള്‍ ശേഷമാണ് നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1945 ആഗസ്റ്റ് 9 ന് പകല്‍ 11.2 നാണ് നാഗസാക്കിക്ക് മേല്‍ അമേരിക്കന്‍ പോര്‍വിമാനമായ ബോക്‌സ്‌കാര്‍ ‘ ഫ്‌ളാറ്റ്മാന്‍ ‘ എന്ന അണുബോംബ് വര്‍ഷിക്കുന്നത്. ദക്ഷിണ ജപ്പാനിലെ തുറമുഖ നഗരമായ നാഗസാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതായി. 110 സ്‌ക്വയര്‍ കി.മി വരുന്ന പട്ടണത്തിലെ 52,000 ഓളം വീടുകളും 70,000 ലധികം ജനങ്ങളുമാണ് തല്‍ക്ഷണം മരിച്ചുവീണത്. ഒരു ലക്ഷത്തോളം പേര്‍ പിന്നീടും മരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് നാഗസാക്കിയില്‍ പൊലിഞ്ഞത് നാല്‍പ്പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ്. ജപ്പാന്‍ പുറത്ത് വിട്ട കണക്കനുസരിച്ച് ബോംബാക്രമണം നടന്ന വര്‍ഷം മാത്രം മരിച്ചത് 80,000 പേരാണ്. അതിലും എത്രയോ പേര്‍ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിച്ചു.

നാഗസാക്കിയിലെ സ്‌ഫോടനം കഴിഞ്ഞ് ആറ് ദിവസങ്ങള്‍ക്ക് ശേഷം ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു.

സ്‌ഫോടനത്തിന് ഇരകളായ ജപ്പാന്‍കാര്‍ ‘ഹിബാക്കുഷ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നര്‍ത്ഥം.

ദുരന്തത്തില്‍ മരിച്ച മുഴുവന്‍ ഹിബുഷികളുടേയും പേര് ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം നടക്കുന്ന ആണവദുരന്തദിനത്തില്‍ ഈ പേരുകളുടെ പുതുക്കുകയും ചെയ്യുന്നു.

അണുബോംബ് വര്‍ഷത്തിന് 67 വര്‍ഷങ്ങള്‍ക്കിപ്പുറം ജപ്പാന് പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. നടന്ന ദുരന്തത്തെയോര്‍ത്ത് വിലപിച്ചിരിക്കാതെ വിധിക്കുമുമ്പില്‍ തോല്‍ക്കാതെ അവര്‍ പൊരുതി നേടിയ ജീവിതമാണ് ഇന്നത്തെ ജപ്പാന്‍.

ഇന്ന് ജപ്പാനില്‍ കാണുന്ന വികസനം മുഴുവന്‍ ഒരു കാലത്ത് രണ്ട് ആറ്റം ബോംബുകള്‍ തകര്‍ത്ത മണ്ണിലാണെന്നത് വിശ്വസിക്കാന്‍ പ്രയാസകരമാണ്. ഇതെല്ലാം നേടിയതാകട്ടെ ഇന്നലെയെക്കുറിച്ചുള്ള നീറുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റിനടന്നും!

തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്നും തോല്‍പ്പിക്കാനവില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജപ്പാന്‍ കുതിക്കുകയാണ്. ഒരു ആറ്റംബോംബിനും തകര്‍ക്കാന്‍ കഴിയാത്തതാണ് തങ്ങളുടെ ഇച്ഛാശക്തി എന്ന് പറഞ്ഞുകൊണ്ട്.

എല്ലാത്തിനും മൂകസാക്ഷിയായി ഒഴുകുന്ന ഒഹിയോ നദിയിലൂടെ ഇന്നൊഴുകുന്നത് തിളക്കുന്ന വെള്ളമല്ല, നല്ല കുളിരുള്ള വെള്ളം…