തിരുവനന്തപുരം: നാഗാലാന്റ് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥസംഘം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് സന്ദര്‍ശനത്തോടൊപ്പം കേരളത്തിലെ ഐടി പാര്‍ക്കിന്റെ വികസനലക്ഷ്യങ്ങള്‍ മനസ്സിലാക്കാനും തങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കാനുമുള്ള ശ്രമത്തിലാണ് സന്ദര്‍ശനത്തിനെത്തിയ വിദഗ്ധസംഘം.

നാഗാലാന്റ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കെ.ടി സുഖാലു, എം.എല്‍.എ വിഖോ യോഷു എന്നിവര്‍ ഐടി ആന്റ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയും കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണനുമായും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

കേരളത്തിലെ ഐടി പാര്‍ക്കിന്റെയും ടെക്‌നോളജിയുടെയും എല്ലാവിധ സഹായസഹകരണങ്ങളും തങ്ങള്‍ക്കുണ്ടാവണമെന്ന് സംഘം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഐടി മേഖലയിലുള്ള വിദഗ്ധരില്‍നിന്നും തങ്ങള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ടെന്നും നാഗാലാന്റില്‍ ഇതുപോലൊരു ഐടി പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാണെന്നും സുഖാലു വ്യക്തമാക്കി.

“നാഗാലാന്റിനെ 100 ശതമാനം ഇ-സാക്ഷരമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഐടി-ടെക്‌നോപാര്‍ക്കുമായുള്ള സഹകരണം ഈ ലക്ഷ്യത്തിലേക്കെത്താന്‍ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്”-വിഖോ യോഷു പറഞ്ഞു.

ഐടി മിഷന്‍ ഡയറക്ടര്‍ ഇഷിതാ റോയിയുമായി സംഘം ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇന്‍ഫോസിസ് ക്യാമ്പസിലും സംഘം സന്ദര്‍ശനം നടത്തി.