കൊഹിമ: ആയുധങ്ങളും വെടിയുണ്ടകളും ഒരു കോടിയിലേറെ രൂപയുമായി വാഹനത്തില്‍ യാത്രചെയ്യവേ അറസ്റ്റിലായ നാഗാലാന്റ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചന്‍ രാജിവച്ചു.

Ads By Google

നാഗാ പീപ്പിള്‍സ് ഫ്രണ്ടാണ് ഇവിടെ ഭരിക്കുന്നത്. ഒരു കോടി പത്തു ലക്ഷം രൂപയും മദ്യവും ഏഴു തോക്കുകളുമാണ് അസം റൈഫിള്‍സ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍നിന്നും പിടിച്ചെടുത്തത്.

അതേസമയം പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഇദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് തീരുമാനിച്ചു.

ദേശീയ ആയുധ നിയമപ്രകാരം ഇംകോങ് എല്‍ ഇംചനെതിരെ കേസ് എടുക്കണമെന്നും ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൊകോക്ചുങ് ജില്ലയിലെ തന്റെ മണ്ഡലമായ കൊറിഡാംഗയിലേക്ക് കൊഹിമയില്‍ നിന്നുള്ള യാത്രാമധ്യേയാണ് ആഭ്യന്തരമന്ത്രി പിടിയിലായത്.

അസം റൈഫിള്‍സ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വന്തം വാഹനത്തില്‍ നിന്നും  മന്ത്രിയെ ആയുധങ്ങളുമായി പിടികൂടിയത്.  അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഒപ്പം 1.10 കോടി രൂപയും മദ്യക്കുപ്പികളുമാണ് മന്ത്രിയുടെ വാഹനത്തില്‍ നിന്നും കണ്ടെടുത്തത്.

കൊറിഡാംഗയില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) സ്ഥാനാര്‍ഥിയായായാണ് ഇംചന്‍ മല്‍സരിക്കുന്നത്. മൊകോക്ചുങ് ജില്ലയില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയും മന്ത്രിക്കാണ്.

ഫെബ്രുവരി 16 ന് നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കുകയായിരുന്ന ഹെലികോപ്റ്ററില്‍ നിന്നും ഒരു കോടി രൂപ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകര്‍ പിടിച്ചെടുത്തിരുന്നു.