എഡിറ്റര്‍
എഡിറ്റര്‍
ആയുധങ്ങളും കോടിക്കണക്കിന് രൂപയുമായി നാഗാലാന്റ് ആഭ്യന്തരമന്ത്രിയെ അറസറ്റ് ചെയ്തു
എഡിറ്റര്‍
Monday 18th February 2013 10:53am

കൊഹിമ: ആയുധങ്ങളും വെടിയുണ്ടകളും ഒരു കോടിയിലേറെ രൂപയുമായി വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചന്‍ പിടിയിലായി.

Ads By Google

മൊകോക്ചുങ് ജില്ലയിലെ തന്റെ മണ്ഡലമായ കൊറിഡാംഗയിലേക്ക് കൊഹിമയില്‍ നിന്നുള്ള യാത്രാമധ്യേയാണ് ആഭ്യന്തരമന്ത്രി പിടിയിലായത്.

അസം റൈഫിള്‍സ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വന്തം വാഹനത്തില്‍ നിന്നും  മന്ത്രിയെ ആയുധങ്ങളുമായി പിടികൂടിയത്.  അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഒപ്പം 1.10 കോടി രൂപയും മദ്യക്കുപ്പികളുമാണ് മന്ത്രിയുടെ വാഹനത്തില്‍ നിന്നും കണ്ടെടുത്തത്.

കൊറിഡാംഗയില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) സ്ഥാനാര്‍ഥിയായായാണ് ഇംചന്‍ മല്‍സരിക്കുന്നത്. മൊകോക്ചുങ് ജില്ലയില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയും മന്ത്രിക്കാണ്.

ഫെബ്രുവരി 16 ന് നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കുകയായിരുന്ന ഹെലികോപ്റ്ററില്‍ നിന്നും ഒരു കോടി രൂപ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകര്‍ പിടിച്ചെടുത്തിരുന്നു.

ലോങ്‌ലെങ് ജില്ലയിലെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന നെയ്മ്‌ലി ഫോമിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഒരു കോടി രൂപ പിടിച്ചെടുത്തത്.

നാഗാലാന്‍ഡ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നതിനും എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 60 മണ്ഡലങ്ങളിലേക്ക് 23ന് ആണു വോട്ടെടുപ്പ്.  ഈ മാസം 23 നാണ് നാഗാലന്‍ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisement